ലക്‌നൗ: യുവതിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ കനൗജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏപ്രിൽ 24 നാണ് യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായതെന്ന് സഹോദരി എഎൻഐയോട് പറഞ്ഞു. പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടിയില്ലെങ്കിൽ ഞങ്ങൾ ജീവൻ വെടിയുമെന്ന് സഹോദരി പറഞ്ഞു.
താലിബ്, സൽമാൻ എന്നിവർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. യുവതി താമസിക്കുന്ന അതേ പ്രദേശത്തുളളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വീടിനു കുറച്ചകലെയുളള കിണറിൽനിന്നും വെളളം കൊണ്ടുവരാൻ പോയതായിരുന്നു യുവതി. ഈ സമയം താലിബും സൽമാനും ചേർന്ന് ഇവരെ ബലാൽസംഗം ചെയ്യുകയായിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്യുകയും ചെയ്തു.
വീട്ടിൽ മടങ്ങിയെത്തിയ യുവതി പീഡന വിവരം കുടുംബത്തെ അറിയിച്ചില്ല. ഈ വിവരം അറിഞ്ഞാൽ സമീപവാസികൾ കുടുംബത്തെ അപകീർത്തിപ്പെടുത്തും എന്നു ഭയന്നാണ് പറയാതിരുന്നത്. ഇതിനിടയിൽ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു. തുടർന്നാണ് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസിലെ പ്രതികളായ രണ്ടുപേരെയും ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.