ന്യൂഡല്‍ഹി : സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ദയാവധം ആവശ്യപ്പെട്ടുകൊണ്ട് അമ്മയും മകളും രാഷ്ട്രപതിക്ക് കത്തയച്ചു. മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചവരാണ് ഇരുവരും. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്നുള്ള ശശി മിശ്ര (59), മകളായ അനാമിക മിശ്ര (33) എന്നിവരാണ് ദയാവധം അപേക്ഷിച്ചുകൊണ്ട്‌ രാഷ്ടപതി രാം നാഥ് കൊവിന്ദിന് കത്തയച്ചത്.

” കത്ത് നേരെ രാഷ്ട്രപതിയുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.” ജില്ലാ മജിസ്ട്രേറ്റ് രാജ് നാരായണ്‍ പാണ്ഡെ പറഞ്ഞു.

ഒന്നുകില്‍ തങ്ങളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കുക അല്ലെങ്കില്‍ തങ്ങളെ മരിക്കാന്‍ അനുവദിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്കും താന്‍ കത്തയച്ചിരുന്നതായ് അനാമികാ മിശ്ര പറഞ്ഞു.

” എന്റെ പിതാവ് ഗംഗ മിശ്രയ്ക്കും മസ്കുലര്‍ ഡിസ്ട്രോഫി ഉണ്ടായിരുന്നു. അദ്ദേഹം പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തെ നോക്കാന്‍ ആരും തന്നെ ഇല്ല. 1985ലാണ് അമ്മയ്ക്കും അതെ രോഗം ബാധിച്ചതായ് അറിയുന്നത്.” അനാമിക പറഞ്ഞു.

ആറുവര്‍ഷം മുന്‍പാണ് അനാമികാ മിശ്രയ്ക്കും ഇതേ രോഗം ബാധിച്ചതായ് അറിയുന്നത്. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സാമ്പത്തികസഹായം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതിന് (ചോരയില്‍) പിന്നാലെ അമ്പതിനായിരം രൂപ ധനസഹായം ലഭിച്ചിരുന്നു. ” ഞങ്ങള്‍ക്ക് കുറച്ചുദിവസം കഴിച്ചുകൂട്ടാന്‍ കൂടി ആ തുക മതിയാകില്ല.” അനാമികാ മിശ്ര പറഞ്ഞു.

മാര്‍ച്ച് ഒമ്പതാം തീയ്യതിയാണ് ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന സുപ്രീംകോടതി വിധി വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ