ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. 2017ല്‍ മാത്രം രാജ്യത്ത് 296 വര്‍ഗീയ സംഘര്‍ഷങ്ങളാണ് നടന്നത്. ഇതില്‍ 44 പേരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. 60 സംഘര്‍ഷങ്ങളില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. 150ല്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ യുപിയില്‍ 162 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഉണ്ടായത്. ഇതില്‍ 29 പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്ക് പ്രകാരം 2016ല്‍ ആകെ 703 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 86 പേര്‍ കൊല്ലപ്പെട്ടു. 2015ല്‍ 751 സംഭവങ്ങളില്‍ 97 പേരും കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളില്‍ ബാസിറാഹതില്‍ നടന്ന സംഘര്‍ഷത്തില്‍ മെയ് മാസം വരെ മാത്രം 26 സംഭവങ്ങളിലായി 3 പേര്‍ കൊല്ലപ്പെട്ടു. 2016ല്‍ 32 സംഭവങ്ങളിലായി 4 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്.

ഇനി ഈ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതോ പരുക്കേറ്റവര്‍ക്കോ നഷ്ടപരിഹാരം നല്‍കിയതിനെ കുറിച്ചുളള റെക്കോര്‍ഡുകള്‍ സൂക്ഷിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ അറിയിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങളെ സംബന്ധിച്ച അന്വേഷണ വിവരങ്ങളോ, ശിക്ഷാ നടപടി എന്ത് എടുത്തുവെന്നോ, പ്രതികളെ അറസ്റ്റ് ചെയ്ത വിവരമോ ഒന്നും സൂക്ഷിച്ചിട്ടില്ലെന്നും റിജിജു വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലും സാമുദായിക ഐക്യത്തിന് ആഹ്വാനം ചെയ്ത് മാര്‍ഗിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ