ലക്നൗ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹിന്ദി ന്യൂസ് ചാനലിലെ മാധ്യമ പ്രവർത്തകൻ രത്തൻ സിങ്ങാണ്(42) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വാരണാസിക്ക് സമീപം ബല്ലയ ജില്ലയിലാണ് സംഭവം.
രത്തൻ സിങ് തന്റെ വീട്ടിൽ നിന്ന് 700 മീറ്റർ അകലെയുള്ള ഗ്രാമത്തലവന്റെ വസതിയിൽ വച്ചാണ് കൊല്ലപ്പെടുന്നത്. വെടിവച്ചുകൊല്ലുന്നതിന് മുമ്പ് രത്തൻ സിങ്ങിനെ മർദ്ദിച്ചതായി പോലീസ് പറഞ്ഞു. രത്തന്റെ ബന്ധുക്കളായ മൂന്ന് ഗ്രാമീണരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
Read More: അൺലോക്ക് 4: അന്തർ സംസ്ഥാന യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവിന് സാധ്യത
“കൊല്ലപ്പെട്ടയാൾ എന്തിനാണ് ഗ്രാമത്തലവന്റെ വീട്ടിൽ പോയതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. വെടിയേറ്റതിനുമുമ്പ് ഇദ്ദേഹത്തെ മർദ്ദിച്ചതായി സംശയിക്കുന്നു. വില്ലേജ് പ്രധാൻ സീമ സിങ്ങിന്റെ ഭർത്താവ് ജബ്ബാർ സിംഗ് ഇപ്പോൾ ഒളിവിലാണ്,” സർക്കിൾ ഓഫീസർ (ഫെഫ്ന) ചന്ദ്രകേഷ് സിംഗ് പറഞ്ഞു, ഇരയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല.
രത്തൻ സിങ്ങും പ്രതിയും തമ്മിലുള്ള തർക്കത്തിന്റെ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സിഒഒ പറഞ്ഞു.
പ്രധാന്റെ കുടുംബത്തിലെ പഴയ തർക്കത്തെ തുടർന്നാണ് സംഭവം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.
“ഖേത്ന ഗ്രാമത്തിൽ ഒരാളെ വെടിവച്ച് കൊന്നതായും മൃതദേഹം ഗ്രാമപ്രധാന്റെ വസതിയിൽ കിടക്കുന്നതായും പ്രാദേശിക പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഒരു പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനിടെ, മാധ്യമപ്രവർത്തകൻ വൈകുന്നേരം ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയതായി ഞങ്ങൾക്ക് മനസ്സിലായി,” സർക്കിൾ ഓഫീസർ പറഞ്ഞു.
കേസിൽ രത്തൻ സിങ്ങിന്റെ ബന്ധു ദിനേശ് സിങ്ങിന്റെ പങ്ക് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾ ന്യൂസ് ചാനലിൽ പ്രവർത്തിച്ചിരുന്നുവെന്ന് കുടുംബത്തെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.
“രത്തൻ സിങ്ങിന് ബന്ധുക്കളുമായി പഴയ തർക്കമുണ്ടായിരുന്നു. മൂന്ന് പേരെ ഉടൻ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പത്രപ്രവർത്തനവുമായി യാതൊരു ബന്ധവുമില്ല,” ബല്ലയ പോലീസ് ട്വീറ്റ് ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരും ഒരു കൂട്ടം ആളുകളും ബല്ലയ്യയിൽ പ്രതിഷേധം സംഘടിപ്പിച്ചു.