ലക്‌നൗ: ലൗ ജിഹാദിനെതിരെ ശക്തമായ നിയമം കൊണ്ടുവരാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. മധ്യപ്രദേശ്, ഹരിയാന സർക്കാരുകൾക്ക് പിന്നാലെയാണ് യുപി സർക്കാരും ലൗ ജിഹാദിനെതിരെ ശക്തമായ പ്രതിരോധത്തിനു തയ്യാറെടുക്കുന്നത്. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള നിർദേശം ആഭ്യന്തര മന്ത്രാലയം നിയമവകുപ്പിനു കെെമാറി.

വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ച് ‘ലൗ ജിഹാദും’ മതപരമായ മതപരിവര്‍ത്തനവും തടയുന്നതിന് കര്‍ശനമായ നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

Read Also: പിതാവിനെ അവസാനമായി കാണാൻ കഴിയില്ല; മനംനൊന്ത് സിറാജ്

ലൗ ജിഹാദ് അവസാനിപ്പിച്ച് വഴി മാറി നടന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ് ജൗന്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഒന്നുകിൽ വഴി മാറി നടക്കുക, അല്ലെങ്കിൽ അവസാന യാത്രയ്ക്ക് തയ്യാറെടുക്കുക’ എന്നാണ് യോഗി ഭീഷണി മുഴക്കിയത്.

‘ലവ് ജിഹാദ്’ ബിൽ ഉടൻ സംസ്ഥാന നിയമസഭയിൽ കൊണ്ടുവരുമെന്നും നിയമലംഘകർക്ക് അഞ്ചുവർഷം കഠിനതടവ് ലഭിക്കുമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നേരത്തെ പറഞ്ഞിരുന്നു. നിയമലംഘകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുകയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook