scorecardresearch
Latest News

‘സ്ത്രീകള്‍ പ്രവേശിച്ചാല്‍ അശുദ്ധമാകും’; വനിതാ എംഎല്‍എയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം

ബിജെപിയുടെ ദലിത് എംഎല്‍എയായ മനീഷ അനുരാഗി ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു സംഭവം

‘സ്ത്രീകള്‍ പ്രവേശിച്ചാല്‍ അശുദ്ധമാകും’; വനിതാ എംഎല്‍എയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം

ലക്‌നൗ: ദലിത് വനിതാ എംഎല്‍എ സന്ദര്‍ശിച്ചതിന് പിന്നാലെ അമ്പലം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് ക്ഷേത്ര ഭാരവാഹികള്‍. യുപിയിലെ മുസ്‌കാര ഖുര്‍ദിലാണ് സംഭവം. സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറരുതെന്നാണ് ഇവിടുത്തെ നിയമം. സ്ത്രീകള്‍ കയറിയാല്‍ അശുദ്ധമാകുമെന്നാരോപിച്ചാണ് ശുദ്ധീകരണം നടത്തിയത്.

ബിജെപിയുടെ ദലിത് എംഎല്‍എയായ മനീഷ അനുരാഗി ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു സംഭവം. കാലങ്ങളായി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. മഹാഭാരത കാലം മുതലുള്ളതെന്ന് വിശ്വാസിച്ചു പോരുന്ന അമ്പലത്തില്‍ ഇതുവരേയും സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ല.

അതേസമയം, താന്‍ ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്നെങ്കില്‍ എംഎല്‍എയുടെ സന്ദര്‍ശനം തടയുമായിരുന്നെന്ന് പൂജാരി പറഞ്ഞു. ക്ഷേത്ര പരിസരം ഗംഗാ ജലം തളിച്ച് ശുദ്ധീകരിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ‘ശുദ്ധീകരണത്തിനായി’ പ്രയാഗിലേക്ക് കൊണ്ടുപോയി.

ഈ മാസം 14 നാണ് എംഎല്‍എ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. അതിനുശേഷം ഗ്രാമത്തില്‍ മഴ ലഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ക്ഷേത്രത്തില്‍ സ്ത്രീ സാന്നിധ്യം ഉണ്ടായതിനാലാണിതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും വാദം. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് അനുരാഗി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

അതേസമയം, ക്ഷേത്ര അധികാരികളുടെ നടപടി രാജ്യത്തെ സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനമാണെന്ന് മനീഷാ അനുരാഗി പ്രതികരിച്ചു. അരക്കിറുക്കന്മാരായ ചിലരുടെ മാത്രം പ്രവൃത്തിയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബിജെപി നേതാക്കളാരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Up temple purified with gangajal after woman mlas visit