/indian-express-malayalam/media/media_files/qDiRrCFgjfsb3cdBGiDl.jpg)
യു പി യിലെ സമാജ് വാദി പാർട്ടി എം എൽ എയായ സയ്യദ ഖാത്തൂൺ അമ്പലത്തിലെത്തി പ്രാർത്ഥന നടത്തിയതിന് ഹിന്ദു സംഘടനാ അംഗങ്ങൾ ഗംഗാജലം കൊണ്ട് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തി.
ഗ്രാമവാസികൾ സംഘടിപ്പിച്ച 'മഹാ ചണ്ഡി യാഗ'ത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച വൈകുന്നേരം സിദ്ധാർത്ഥ് നഗറിലെ തന്റെ നിയോജകമണ്ഡലമായ ധോമരിയഗഞ്ചിലെ ബൽവ ഗ്രാമത്തിലെ ക്ഷേത്രം സന്ദർശിച്ചുവെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ സയ്യദ ഖാത്തൂൺ പറഞ്ഞു.
"വഴിതെറ്റിക്കപ്പെട്ട" ആളുകൾ സൃഷ്ടിച്ച വിവാദങ്ങൾ കാരണം താൻ ക്ഷേത്രങ്ങളിൽ പോകുന്നത് നിർത്തില്ലെന്ന് സയ്യദ ഖാത്തൂൺ ചൊവ്വാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഞാൻ നിരവധി ക്ഷേത്രങ്ങൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. ആ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിപരമായ ശ്രദ്ധ നേടുന്നതിനായി ചിലർ എന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് അനാവശ്യമായി വിവാദങ്ങൾ സൃഷ്ടിക്കുകയാണ്,” എം എൽ എ കൂട്ടിച്ചേർത്തു.
എം എൽ എ മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയായതിനാൽ (മുസ്‌ലിം മതത്തിൽപ്പെട്ടവ്യക്തിയാണ് എം എൽ എ സയ്യദ ഖാത്തൂൺ) അവരുടെ സന്ദർശനം സ്ഥലത്തിന്റെ പവിത്രതയെ ഇല്ലാതാക്കിയതായി ഹിന്ദു സംഘടനാ പ്രവർത്തകർ ആരോപിച്ചു. സംഭവം അറിഞ്ഞ് ബർഹ്‌നി ചാഫ നഗർ പഞ്ചായത്ത് ചെയർമാൻ ധർമരാജ് വർമയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ആളുകൾ ക്ഷേത്രത്തിനുള്ളിൽ ഗംഗാജലം തളിച്ചു.
എം എൽ എ തങ്ങളുടെ ക്ഷേത്രത്തെ അനാദരിച്ചുവെന്നും മാംസാഹാരം കഴിക്കുന്നതിനാൽ അവിടം സന്ദർശിക്കുന്നത് ഒഴിവാക്കണമായിരുന്നുവെന്നും ധർമ്മരാജ് വർമ്മ പറഞ്ഞു.
സംഭവം വിവാദമായതോടെ ബൽവ ഗ്രാമത്തിൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.
“നാട്ടുകാരാണ് എന്നെ ക്ഷണിച്ചത്. അവിടെ പ്രദേശവാസികളും മറ്റ് ജില്ലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട ‘കഥാ വാചക്’ വൈദികരും എന്നെ സ്വീകരിച്ചു. യാഗത്തിന് ശേഷം ഞാൻ സമീപത്തുള്ള ക്ഷേത്രത്തിലേക്ക് പോയി, ”ക്ഷേത്രത്തിന് അതിർത്തി ഭിത്തി ഇല്ലെന്ന കാര്യവും എംഎൽഎ പറഞ്ഞു.
ധർമ്മ രാജ് വർമ്മ പഴയ പാർട്ടി പ്രവർത്തകനാണെന്ന് സിദ്ധാർത്ഥ് നഗറിലെ ബിജെപി ജില്ലാ പ്രസിഡന്റ് കനിയ പാസ്വാൻ സ്ഥിരീകരിച്ചു.
സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് സിദ്ധാർഥ് നഗർ സർക്കിൾ ഓഫീസർ സുജിത് കുമാർ റായ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us