ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ദേശീയ സെക്രട്ടറി രാജീവ് റായ്, മനോജ് യാദവ്, ജൈനേന്ദ്ര യാദവ് എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് ബിജെപി റായിയെ ലക്ഷ്യമിടുന്നതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.
“ഞാൻ നിങ്ങളോടും നേരത്തെ പറഞ്ഞിട്ടുണ്ട്… ഇതുവരെ ഇൻകം ടാക്സ് മാത്രമാണ് വന്നത്. വരും ദിവസങ്ങളിൽ ഇഡിയും സിബിഐയും ഉൾപ്പെടെ മറ്റു ഏജൻസികളും വരും. ഗൂഢാലോചനകൾ പ്രചരിപ്പിക്കും, പക്ഷേ ഉത്തർപ്രദേശിൽ നിന്ന് ബിജെപിയെ ഞങ്ങൾ തുടച്ചുനീക്കും. രാജീവ് റായ് പാർട്ടിയുടെ വക്താവാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തത് എന്തിനാണ്? വിവരം ലഭിച്ചിരുന്നെങ്കിൽ നേരത്തെ തന്നെ റെയ്ഡ് നടത്തണമായിരുന്നു. യുപിയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഈ വകുപ്പും വന്നിട്ടുണ്ട്,” വിജയ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് റായ്ബറേലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഖിലേഷ് പറഞ്ഞു.
മുതിർന്ന പാർട്ടി നേതാവ് അസം ഖാനെതിരെയുള്ള വ്യാജ കേസുകളെയും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷക നേതാക്കൾക്കെതിരെ ചുമത്തിയ കേസുകളെക്കുറിച്ചും അഖിലേഷ് വാർത്താസമ്മേളനത്തിൽ സംസാരിച്ചു. “ഇതൊരു പുതിയ കാര്യമല്ല. ഇതൊരു പഴയ തന്ത്രമാണ്. കോൺഗ്രസ് കാട്ടിത്തന്ന പാതയിലാണ് ബിജെപിയും സഞ്ചരിക്കുന്നത്. കോൺഗ്രസിന്റെ ചരിത്രം പരിശോധിക്കുക, അവർ ഇതുപോലെയുള്ള തന്ത്രങ്ങൾ ഉപയോഗിച്ചതായി കാണാനാകും, ”അദ്ദേഹം പറഞ്ഞു.
Also Read: ഫൈസര്‍ വാക്‌സിന്റെ മൂന്ന് ഡോസുകള്‍ സ്വീകരിച്ചു; യുഎസിൽ നിന്ന് മുംബൈയിലെത്തിയ യുവാവിന് ഒമിക്രോൺ
അഖിലേഷ് യാദവിന്റെ റാലികളിൽ ജനക്കൂട്ടത്തെ കണ്ട് ഭയന്നതിനാലാണ് റെയ്ഡ് നടത്തുന്നതെന്ന് പാർട്ടിയുടെ ദേശീയ വക്താവ് ജൂഹി സിങ് പറഞ്ഞു. “പശ്ചിമ ബംഗാളിലും ഇതുതന്നെയാണ് ചെയ്തത്. ഇപ്പോൾ അവർ യുപിയിൽ അത് ആവർത്തിക്കുന്നു, എന്നാൽ അവർ എന്ത് തന്ത്രം പ്രയോഗിച്ചാലും ബംഗാൾ തിരഞ്ഞെടുപ്പിൽ തോറ്റതുപോലെ യുപി തിരഞ്ഞെടുപ്പിൽ അവർ തോൽക്കും,” സിങ് പറഞ്ഞു.
യുപിയിൽ കൂടുതൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു, എന്നാൽ റെയ്ഡുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവർ നൽകിയില്ല.