ലക്നൗ: ഉത്തര്‍പ്രദേശിലുടനീളം മൊബൈല്‍ റീച്ചാര്‍ജ് കടകളില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ വില്‍പനയ്ക്ക് വെച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ സൗന്ദര്യം അനുസരിച്ച് 50 മുതല്‍ 500 രൂപ വരെയാണ് ഇത്തരത്തില്‍ മൊബൈല്‍ നമ്പറുകള്‍ക്ക് കടയുടമകള്‍ ഈടാക്കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നമ്പര്‍ കൈപ്പറ്റുന്ന ആള്‍ക്കാര്‍ പിന്നീട് സുഹൃത്തിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ ഫോണ്‍ വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യും. തുടര്‍ന്ന് അശ്ലീല സംഭാഷണങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും പെണ്‍കുട്ടി നിരസിച്ചാലും ഇല്ലെങ്കിലും നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ക്കായുള്ള ഹൈല്‍പ് ലൈന്‍ നമ്പറായ 1090ല്‍ ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ് സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി സ്ത്രീകള്‍ നല്‍കിയ ആറ് ലക്ഷം പരാതികളില്‍ 90 ശതമാനവും ഇത്തരത്തിലുള്ള ‘ഫോണ്‍ വിളി’ ശല്യത്തെ കുറിച്ചാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത്തരം ശല്യക്കാര്‍ക്ക് വേണ്ടി മൊബൈല്‍ ഫോണ്‍ കടയുടമകള്‍ വ്യാജ സിം കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുന്നതായും പൊലീസ് പറയുന്നുണ്ട്.

ആര്‍ക്കും ചേതമില്ലാത്ത ഒരു രസത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ ഫോണ്‍ ചെയ്യുന്നതെന്ന് 24കാരനായ ഷഹജാന്‍പൂര്‍ സ്വദേശി വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില സമയങ്ങളില്‍ വാട്ട്സ്ആപ് വഴി അശ്ലീല ചിത്രങ്ങള്‍ അയച്ച് പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇയാള്‍ സമ്മതിക്കുന്നു.

ഇത്തരത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കാറില്ലെന്ന് പൊലീസ് പറയുന്നു. വ്യാജ സിം കാര്‍ഡ് നല്‍കുന്ന കടയുടമകള്‍ക്കെതിരെ മാത്രമാണ് കേസ് എടുക്കാറുള്ളത്. ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിട്ടയക്കാറാണ് പതിവെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ വ്യാപകമായ രീതിയില്‍ ബലാത്സംഗ വീഡിയോകള്‍ വിറ്റഴിക്കപ്പെടുന്നതായ വാര്‍ത്ത കഴിഞ്ഞ ആഗസ്റ്റിലാണ് പുറത്തുവന്നത്. 50 മുതല്‍ 150 രൂപ വരെ ഈടാക്കിയാണ് അന്ന് വീഡിയോ വിറ്റഴിക്കപ്പെട്ടത്. ദേശീയ മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്ന ഈ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ഉത്തര്‍പ്രദേശിന് നാണക്കേടായി ഫോണ്‍ നമ്പര്‍ കരിഞ്ചന്തയെ കുറിച്ചുള്ള വാര്‍ത്തയും ചര്‍ച്ചയാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ