ലക്നൗ: ഉത്തര്‍പ്രദേശിലുടനീളമുളള പ്രൈമറി സ്കൂളുകളില്‍ സെപ്തംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം നടത്താന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ഞായറാഴ്ച്ച ദിനം എല്ലാ സ്കൂളുകളും തുറക്കണമെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികളും ഹാജരാകണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ 1.60 ലക്ഷം സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലും എംഎല്‍എമാര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ ശുചിത്വ സന്ദേശം പ്രചരിപ്പിക്കാനും നിര്‍ദേശമുണ്ട്.

കുട്ടികള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കിയാല്‍ മാത്രമേ പ്രധാനമന്ത്രിയുടെ സ്വപ്നമായ ‘സ്വച്ഛ് ഭാരത്’ പദ്ധതി നടപ്പിലാക്കാന്‍ കഴിയുകയുളളുവെന്ന് പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന അനുപമ ജയ്സ്വാള്‍ പറഞ്ഞു. “ഇതാണ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. കുട്ടികള്‍ക്ക് മിഠായിയും വിതരണം ചെയ്യും”അനുപമ പറഞ്ഞു.

മോദി എല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്ന് ബിജെപി ഉത്തര്‍പ്രദേശ് വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു. “കുട്ടികള്‍ക്ക് ഏറ്റവും നല്ല പ്രചോദനമാണ്ം മോദി. അദ്ദേഹം ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. അതിലൂടെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ശക്തനായ നേതാവായി മാറിയത്”, ചന്ദ്രമോഹന്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ