ന്യൂഡല്‍ഹി: ദമ്പതികള്‍ക്കു രണ്ടു കുട്ടികളെന്ന നയം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. നയം ലംഘിക്കുന്നവര്‍ക്കു തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കുന്നതില്നിന്നും സ്ഥാനക്കയറ്റം നേടുന്നതില്‍നിന്നും വിലക്കും. സര്‍ക്കാര്‍ സബ്സിഡികള്‍ ലഭിക്കില്ലെന്നും കരട് ബിൽ പറയുന്നു.
ഉത്തര്‍പ്രദേശ് ജനസംഖ്യ (നിയന്ത്രണ, സ്ഥിരത വരുത്തല്‍, ക്ഷേമ) ബില്‍, 2021 എന്ന പേരിലുള്ള കരടിലാണ് ഈ നിര്‍ദേശങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ”ജനസംഖ്യയുടെ നിയന്ത്രണം, സ്ഥിരത വരുത്തല്‍, ക്ഷേമം എന്നിവ സംബന്ധിച്ച് സംസ്ഥാന നിയമ കമ്മിഷന് പ്രവത്തിക്കുകയാണ്. കരട് ബില്‍ തയാറാക്കി,” യുപി ലോ കമ്മിഷന് വെബ്സൈറ്റ് പറയുന്നു.
കരട് ബില്‍ മെച്ചപ്പെടുത്തുന്നതിനു കമ്മിഷന് പൊതുജനങ്ങളിൽനിന്നു നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 19 ആണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
രണ്ട് കുട്ടി മാനദണ്ഡം പാലിക്കുന്ന സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്കു മുഴുവന്‍ സര്‍വിസിനിടെ രണ്ട് അധിക ഇന്‍ക്രിമെന്റ് ലഭിക്കും. മുഴുവന്‍ ശമ്പളത്തോടും അലവന്‍സോടും കൂടി 12 മാസത്തെ പ്രസവാവധി അല്ലെങ്കില്‍ പിതൃത്വ അവധി, ദേശീയ പെന്ഷന് പദ്ധതിയിലെ തൊഴിലുടമയുടെ വിഹിതത്തില്‍ മൂന്ന് ശതമാനം വര്‍ധന എന്നിവയും കരട് ബില്‍ നിര്‍ദേശിക്കുന്നു. നിയമം നടപ്പാക്കുന്നതിന് സംസ്ഥാന ജനസംഖ്യാ നിധി രൂപീകരിക്കും.
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രസവ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കരട് ബില്‍ പറയുന്നു. ഗര്‍ഭനിരോധന ഗുളികകളുടെയും ഗര്‍ഭനിരോധന ഉറകളുടെയും വിതരണം, കുടുംബാസൂത്രണ രീതികളെക്കുറിച്ചുള്ള അവബോധം സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ വഴി പ്രചരിപ്പിക്കുക തുടങ്ങിയ ചുമതലകള്‍ ഇത്തരം കേന്ദ്രങ്ങളെയും സര്‍ക്കാരേതര സന്നദ്ധ സംഘടനകളെയും ഏല്‍പ്പിക്കും. ഗര്‍ഭം, പ്രസവം, ജനനം, മരണം എന്നിവ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കും. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ബന്ധിത വിഷയം എല്ലാ സെക്കന്‍ഡറി സ്കൂളുകളിലും സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും കരട് ബില്‍ പറയുന്നു.
Also Read: മോദി രണ്ടാം മന്ത്രിസഭ: 42 ശതമാനം പേർ ക്രിമിനൽ കേസ് പ്രതികൾ, 90 ശതമാനവും കോടീശ്വരന്മാർ
”പരിമിതമായ പാരിസ്ഥിതികവും സാമ്പത്തികവുമായ വിഭവങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. താങ്ങാനാവുന്ന ഭക്ഷണം, സുരക്ഷിതമായ കുടിവെള്ളം, മാന്യമായ പാര്‍പ്പിടം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സാമ്പത്തിക/ഉപജീവന അവസരങ്ങള്‍, ഗാര്‍ഹിക ഉപഭോഗത്തിനുള്ള ഊര്‍ജം, സുരക്ഷിതമായ ജീവിതം തുടങ്ങിയ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എല്ലാ പൗരന്മാര്ക്കും ലഭ്യമാക്കുകയെന്നത് അത്യാവശ്യം അടിയന്തരവുമാണെന്നു പുതിയ നിര്‍ദേശങ്ങള്‍ക്കു കാരണമായി കരട് ബില്‍ പറയുന്നു.