ലക്‌നൗ: ഉത്തർപ്രദേശിലെ ബുലന്ധഷർ ജില്ലയിലെ ഷ്യാന മേഖലയിൽ ഗോവധം ആരോപിച്ച് ഉടലെടുത്ത സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനും യുവാവും കൊല്ലപ്പെട്ടു. പശുവിന്റെ ജഡം വയലിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് സമരക്കാരെ പിരിച്ചുവിടാനായി പൊലീസ് വെടിവെച്ചു.

പശുവിന്റെ ജഡം വയലിൽ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഭംവ സ്ഥലത്തെത്തി പരിശോധന നടത്തുകയും വയലിലേക്കുള്ള വഴി അടയ്കുകയും ചെയ്തു. ഇതിനിടെ സംഘടിച്ചെത്തിയ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. പ്രതിഷേധം നിയന്ത്രിക്കാൻ പൊലിസ് വെടിയുതിർത്തു.

ഇതേ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ പൊലീസ് ഇൻസ്പെക്ടർ സുബോധ് വർമ്മയാണ് മരണപ്പെട്ടത്. സുബോധ് വർമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവസ്ഥലം ജില്ലാ മജിസ്റ്റ്രേറ്റും പൊലീസ് മേധാവികളും സന്ദർശിച്ചു. കല്ലേറിനെ തുടർന്നാണ് പൊലിസ് ഇൻസ്‌പെക്റ്റർ കൊല്ലപ്പെട്ടതെന്നും, യുവാവ് മരിച്ചത് വെടിയേറ്റാണെന്നും ജില്ലാ മജിസ്റ്റ്രേറ്റ് സ്ഥിരീകരിച്ചു. ആരാണ് വെടിവച്ചത് എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook