ന്യൂഡൽഹി: ഹാഥ്‌റസിൽ‌ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാൻ പോവുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെതിരേ പൊലീസ് യുഎപിഎ ചുമത്തി. യുഎപിഎക്ക് പുറമെ ദേശദ്രോഹ കുറ്റവും മാധ്യമപ്രവർത്തകനെതിരെ ചുമത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെതിരെ ഈ വകുപ്പ് ചുമത്തിയത്.  തിങ്കളാഴ്ച വൈകിട്ടാണ് സിദ്ധീഖിനെ യുപി പൊലീസ് മഥുരയിലെ ഒരു ടോൾ പ്ലാസയിൽനിന്ന് കസ്റ്റഡിയിലെടുത്തത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡൽഹി ഘടകത്തിന്റെ സെക്രട്ടറി കൂടിയാണ് യുപി പോലീസ് കസ്റ്റഡിയില്‍ എടുത്ത സിദ്ദിഖ്. സിദ്ദിഖ്നൊപ്പം മറ്റ് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുരുന്നു. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളായ അതിക്-ഉർ-റഹ്മാൻ, മസൂദ് അഹമ്മദ് എന്നിവരെയാണ് സിദ്ദീഖിനൊപ്പം കസ്റ്റഡിയിലെടുത്തത്.

വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായാണ് സിദ്ദിഖ് ഹാഥ്‌റസ് സന്ദര്‍ശിച്ചത് എന്നാണ് കെയുഡബ്ല്യുജെ വ്യക്തമാക്കുന്നത്. നേരത്തേ തേജസ്, തത്സമയം ദിനപത്രങ്ങളിൽ ജോലി ചെയ്തിരുന്ന സിദ്ദിഖ് ഇപ്പോള്‍ ‘അഴിമുഖം’ എന്ന വെബ്‌സൈറ്റിലാണ് ജോലി ചെയ്യുന്നത്.

മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ചായിരുന്നു തിങ്കളാഴ്ച സിദ്ദിഖ്നെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നും മഥുര പോലീസ് ആരോപിച്ചിരുന്നു.

സിദ്ദീഖ് കാപ്പനെയും മറ്റുള്ളവരെയും കരുതൽ അറസ്റ്റിന്റെ ഭാഗമായാണ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തതെന്ന് മഥുര എസ്എസ്പി ഗൗരവ് ഗ്രോവർ പറഞ്ഞിരുന്നു.

“തിങ്കളാഴ്ച രാവിലെ മാന്റ് ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാറിന്റെ ചലനം സംശയാസ്പദമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ നാലുപേരെയും ചോദ്യം ചെയ്തു, അവരെ സിആർ‌പി‌സി സെക്ഷൻ 151 പ്രകാരം പ്രിവന്റീവ് അറസ്റ്റിലേക്ക് കൊണ്ടുപോയി. അവർ ഹാത്രാസിലേക്ക് പോവുകയായിരുന്നുവെന്ന് തോന്നുന്നു. ഇവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിൽ തങ്ങൾ പിഎഫ്ഐയുമായും സിഎഫ്ഐയുമായും ബന്ധമുണ്ടെന്ന് അവർ പറഞ്ഞു,” എന്നായിരുന്നു എസ്എസ്പി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.

ജനുവരി മുതൽ സിദ്ദീഖ് കാപ്പൻ ഡൽഹി എൻസിആർ മേഖലയിൽ തങ്ങൾക്കുവേണ്ടി ജോലി ചെയ്യാറുണ്ടെന്ന് അളിമുഖം ഡോട്ട് കോം എഡിറ്റർ കെ എൻ അശോക് പറഞ്ഞു “ജനുവരി മുതൽ ഡൽഹി-എൻ‌സി‌ആറിൽ നിന്ന് കാപ്പൻ ഞങ്ങൾക്ക് വേണ്ടി എഴുതുന്നുണ്ട്. തിങ്കളാഴ്ച, അദ്ദേഹം ഒരു സ്റ്റോറിക്കായി ഹാത്രാസിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് എന്നെ ടെക്സ്റ്റ് ചെയ്തു. അദ്ദേഹത്തോടൊപ്പമുള്ള മൂന്ന് ആളുകൾ ആരാണെന്ന് എനിക്കറിയില്ല. ഇന്നലെ വൈകുന്നേരം ഞങ്ങൾ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ ഞങ്ങൾക്ക് അതിലേക്ക് പോവാൻ കഴിഞ്ഞില്ല. ഇയാളെ മഥുര പോലീസ് കസ്റ്റഡിയിലെടുത്തതായി ഞങ്ങൾ കണ്ടെത്തി,” കെഎൻ അശോക് പറഞ്ഞു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാപ്പനെ ടോൾ പ്ലാസയിൽ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് കെഡബ്ല്യുഡബ്ല്യുജെ മുൻ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ മണികാന്തൻ പറഞ്ഞു. “കാപ്പൻ ഈ വർഷം അഴിമുഖത്തിനായി എഴുതിത്തുടങ്ങി. അദ്ദേഹത്തിന് പിഎഫ്ഐയുമായി യാതൊരു ബന്ധവുമില്ല. നേരത്തെ, പി‌എഫ്‌ഐയുടെ മുഖപത്രമായ തേജസിനായി അദ്ദേഹം എഴുതിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2018 ൽ ഇത് അടച്ചു, ജോലി നഷ്ടപ്പെട്ടു. തുടർന്ന് അദ്ദേഹം തത്സമയം എന്ന മറ്റൊരു പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങി, അതും കഴിഞ്ഞ വർഷം അടച്ചുപൂട്ടി,” മണികണ്ഡൻ പറഞ്ഞു.

സിദ്ദിഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്(കെ യു ഡബ്ല്യൂ ജെ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിരുന്നു. തന്റെ ജോലി ചെയ്യുന്ന ഒരു പത്രപ്രവർത്തകനെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്നതിനെതിരെ  സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയിട്ടുണ്ടെന്ന് കെയുഡബ്ലുജെ ഡൽഹി ഘടകം അറിയിച്ചു.സിദ്ധീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്നാവവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

സിദ്ദിഖ്നെ ബന്ധപ്പെടാന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് കെയുഡബ്ല്യുജെ ഡൽഹി യൂണിറ്റ് യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ പറയുന്നത്. സിദ്ദിഖ്  തന്റെ ജോലി നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ് പോയത് എന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണം എന്നും കെയുഡബ്ല്യുജെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഹാഥ്‌റസില്‍ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിയാക്കിയ ദലിത് പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ആശുപത്രിയില്‍ വച്ച് മരിച്ചത്. മരണത്തിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ യുപി പോലിസ് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഇല്ലാതെ ദഹിപ്പിച്ചു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു ഹരജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook