ലക്നൗ: യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ യുപി സർക്കാർ സുപ്രീം കോടതിയിൽ. സിദ്ധിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്നും 2018 ൽ പ്രവർത്തനം അവസാനിപ്പിച്ച പത്രത്തിന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് സിദ്ദിഖ് മാധ്യമപ്രവർത്തകനെന്ന വ്യാജേനെ ഹാഥ്റസില്‍ പോയതെന്നും യുപി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
കലാപമുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെയാണ് സിദ്ദിഖ് ഹാഥ്റസിലേക്ക് മറ്റുള്ളവർക്കൊപ്പം പോയതെന്നും യുപി സർക്കാർ പറഞ്ഞു. സിദ്ദിഖിനൊപ്പം താമസിക്കുന്ന യുവാവും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട പ്രവർത്തകനാണെന്നും സിദ്ധിഖിൽനിന്ന് പിടിച്ചെടുത്ത സാധനങ്ങൾ അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണെന്നും യുപി സർക്കാർ നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞു. സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയെ യുപി സർക്കാർ ശക്തമായി എതിർത്തു.
Read Also: രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളനെ മോചിപ്പിക്കണമെന്ന് കാർത്തിക് സുബ്ബരാജ്
അതേസമയം, സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകൻ കപിൽ സിബലിനു സുപ്രീം കോടതി അനുമതി നൽകി. സിദ്ദിഖിന്റെ കസ്റ്റഡിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സിദ്ദിഖിനെ കണ്ട് വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യുപി സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡി സമയത്ത് സിദ്ധിഖ് കാപ്പനെ ബന്ധുക്കളുമായോ അഭിഭാഷകരുമായോ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന വാദം പൂര്‍ണമായും തെറ്റാണെന്നു യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
രേഖാമൂലമുള്ള ആവശ്യത്തെത്തുടര്‍ന്ന് ഫോണില്‍ മൂന്ന് തവണ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബന്ധുവിനെയോ അഭിഭാഷകനെയോ കാണാന്‍ സിദ്ധിഖ് അഭ്യര്‍ഥിക്കുകയോ ഇതിനായി കോടതിയിലോ ജയില്‍ അധികൃതരുടെ മുമ്പാകെയോ അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ യുപി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി നല്കാന് കേരള പത്രപ്രവര്‍ത്തക യൂണിയനോട് കോടതി നിര്‍ദേശിച്ചു. അടുത്തയാഴ്ച കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
അതേസമയം, കേസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ ബഞ്ച് എതിര്‍പ്പ് പ്രകടിപ്പിച്ചു.സിദ്ധിഖിനു കോടതി നീതി നിഷേധിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അന്യായമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ”ഞങ്ങളുടെ മുമ്പത്തെ ഉത്തരവിനെക്കുറിച്ച് വളരെ ന്യായരഹിതമായതായ റിപ്പോര്ട്ടിങ്ങാണുണ്ടായത്. കൃത്യമല്ലാത്ത റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നു. മാധ്യമപ്രവര്ത്തകന് നീതി നിഷേധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
മലയാള വാര്‍ത്താ വെബ്സൈറ്റായ അഴിമുഖത്തിനുവേണ്ടി ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഒക്ടോബര്‍ അഞ്ചിനാണു മഥുര ടോൾ പ്ലാസയിൽവച്ച് സിദ്ദിഖിനെ മറ്റു മൂന്നു പേര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തത്. ഥുര മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു. ഹാഥ്റസില്‍ കലാപത്തിന് ശ്രമിച്ചെന്ന മറ്റൊരു കേസ് കൂടി സിദ്ദിഖ് കാപ്പനെതിരെയുണ്ട്. ഹാഥ്റസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ഈ കേസിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ധിഖ് കാപ്പൻ. ഇതിനാലാണു സിദ്ധിഖിനുവേണ്ടി ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി യൂണിയന് സുപ്രീം കോടതിയെ സമീപിച്ചത്.