ലക്നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ഭാര്യ സംഗീത സെൻഗാറിനെ വരാനിരിക്കുന്ന യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരപ്പിക്കാനൊരുങ്ങി ബിജെപി. അഞ്ച് ജില്ലകളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ശിക്ഷിക്കപ്പെട്ടതിന് ശേഷം കുൽദീപ് സിങ്ങിന്റെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു.
നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണാണ് സംഗീത. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവിധ ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള 51 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉന്നാവ് ജില്ലയിൽ നിന്ന് 2016ലാണ് സംഗീത പഞ്ചായത്ത് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നത്തിൽ ആയിരുന്നില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടന്നിരുന്നത്. എന്നാൽ, ഇത്തവണ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു, അതിനാൽ താഴേത്തട്ടിൽ ആശയക്കുഴപ്പമോ പിന്തുണയില്ലായ്മയോ ഉണ്ടാകില്ല.
Read More: കേരളത്തിൽ അസാധാരണ സാഹചര്യം; രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷൻ
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച കുല്‍ദീപ് സെൻഗാറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്ടപ്പെട്ടിരുന്നു. നേരത്തെ ഇദ്ദേഹത്തെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഉന്നാവോയിലെ ബെഗര്‍മാ നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെൻഗാറിനെ നിയമപ്രകാരം അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയിരുന്നു.
ഉന്നാവ് കേസില്‍ ഡൽഹി പോക്സോ കോടതി കുല്‍ഗീപ് സെൻഗാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെ തന്റെ മേലുള്ള ബാധ്യതകള്‍ ഉയര്‍ത്തി സെൻഗാര്‍ ശിക്ഷയില്‍ ഇളവ് തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളിയിരുന്നു. പോക്സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയായിരുന്നു.