ലക്‌നൗ: കാൽനൂറ്റാണ്ട് കാലത്തെ ശത്രുത അവസാനിപ്പിച്ച് ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും കൈകോർത്തിരിക്കുകയാണ്. 38 സീറ്റുകളിൽ വീതം മത്സരിക്കാനും രണ്ട് സീറ്റ് കോൺഗ്രസിന് വേണ്ടിയെന്നോണം മാറ്റിവയ്ക്കാനുമാണ് ഇരു കക്ഷികളും തീരുമാനിച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ 24 വർഷം മുൻപ് ബിജെപിക്കെതിരെ സഖ്യമുണ്ടാക്കി നേടിയ വിജയചരിത്രം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാർട്ടിയും ബഹുജൻസമാജ് പാർട്ടിയും മഹാസഖ്യം പ്രഖ്യാപിച്ചത്.
പഴയ സഖ്യം പിരിഞ്ഞ് ബദ്ധ വൈരികളായി മാറിയ രണ്ട് പാർട്ടികളും വീണ്ടും ഒന്നിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സഖ്യ തീരുമാനം ബിഎസ്പി നേതാവ് മായാവതിയും സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും ഇന്നലെ സംയുക്ത പത്രസമ്മേളനത്തിൽ ഔപചാരികമായി പ്രഖ്യാപിക്കുകയായിരുന്നു. 1993ൽ മായാവതിയുടെ രാഷ്‌ട്രീയ ഗുരു കാൻഷിറാമും, അഖിലേഷിന്റെ പിതാവ് മുലായം സിങ് യാദവുമാണ് സഖ്യമുണ്ടാക്കിയത്. ഉത്തരാഖണ്ഡ് രൂപീകരിക്കും മുമ്പ് യുപിയില്‍ 425 നിയമസഭാ സീറ്റുകളാണ് ഉണ്ടായിരുന്നത്.
1993ൽ അയോദ്ധ്യ പ്രശ്നം ചൂടുപിടിച്ച ഇലക്‌ഷനില്‍ ബിഎസ്പി – എസ്പി സഖ്യം ഒരുമിച്ച് മത്സരിച്ചപ്പോള്‍ ബിഎസ്പിക്ക് 67 സീറ്റും എസ്പിക്ക് 109 സീറ്റും നേടാനായി. അന്ന് മുലായം സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു. 1995ൽ ബിഎസ്പി കാലുവാരിയതോടെ സഖ്യം തകര്‍ന്നു. എസ്പിക്ക് ബിജെപി പിന്തുണ നല്‍കിയതോടെ മായാവതി മുഖ്യമന്ത്രിയായി പുതിയ സർക്കാർ അധികാരത്തിലെത്തി. പിന്നീടുള്ള 24 വർഷം ബിഎസ്പിയും എസ്പിയും ശത്രുക്കളായിരുന്നു.