അലഹബാദ്: ഉത്തർപ്രദേശിൽ വീണ്ടും അംബേദ്‌കർ പ്രതിമ തകർത്തു. മാർച്ച് മാസത്തിൽ മാത്രം മൂന്നാമത്തെ പ്രതിമയാണ് ഉത്തർപ്രദേശിൽ തകർക്കപ്പെട്ടത്. ത്രിവേണിപുരം ജുൻസി പ്രദേശത്ത് സ്ഥാപിച്ചിരുന്ന അംബേദ്‌കർ പ്രതിമയാണ് വെളളിയാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്.
ഡോ.ബിആർ അംബേദ്കറിന്റെ പേര് ഔദ്യോഗിക രേഖകളിൽ ഡോ. ഭീംറാവു രാംജി അംബേദ്‌കർ എന്ന് യോഗി ആദിത്യനാഥ് സർക്കാർ തിരുത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം. സർക്കാർ തീരുമാനം ഉത്തർപ്രദേശിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
മീററ്റിനടുത്ത് മവാനയിലെ കുർദ് വില്ലേജിലാണ് ആദ്യം അംബേദ്കർ പ്രതിമ ആക്രമിക്കപ്പെട്ടത്. ഇതേ തുടർന്ന് വലിയ ദളിത് പ്രക്ഷോഭത്തിനാണ് ഉത്തർപ്രദേശ് സാക്ഷിയായത്. എന്നാൽ പിന്നീടും അംബേദ്കർ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായി.
ബിജെപി സർക്കാർ അധികാരത്തിലെത്തിയത് കൊണ്ടാണ് രാജ്യത്താകമാനം ദളിതർക്കെതിരെ ആക്രമണം ഉണ്ടാകുന്നതെന്ന് ബിഎസ്‌പി നേതാവ് മായാവതി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് അംബേദ്‌കർ പ്രതിമ ആക്രമിക്കപ്പെട്ടിരുന്നു. ദളിതർ സർക്കാർ ഭൂമിയെന്ന് പറഞ്ഞ് പ്രതിമ സ്ഥാപിച്ച സ്ഥലം യഥാർത്ഥത്തിൽ ഗുജ്ജാർ സമുദായംഗത്തിന്റേതാണെന്നാണ് പൊലീസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനാലാണ് പ്രതിമ തകർക്കപ്പെട്ടതെന്നും പൊലീസ് ന്യായീകരിച്ചു.