ഭോപ്പാൽ: ഉത്തർപ്രദേശിലെ ഭാഗ്പട്ട് ജില്ലയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. 72 കാരനായ ധർമ്മപാൽ സിങ്ങാണ് മരിച്ചത്. തിക്രി ഗ്രാമത്തിലാണ് സംഭവം.
വിറകുകൾ ശേഖരിക്കാൻ പോയ വൃദ്ധനെ കുരങ്ങുകൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. മരത്തിനു മുകളിലിരുന്ന് കൊണ്ട് കുരങ്ങുകൾ വൃദ്ധനുനേർക്ക് കല്ലുകൾ എറിയുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കുരങ്ങുകൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തു വന്നിട്ടുണ്ട്.
പൊലീസ് അപകട മരണത്തിനാണ് കേസെടുത്തിട്ടുളളത്. ഇതിൽ സംതൃപ്തരല്ലാത്ത കുടുംബം കേസിൽ ഉന്നത അധികാരികൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തലയിലും നെഞ്ചിലും കാലിലുമായി 20 ഓളം കല്ലുകളാണ് കുരങ്ങുകൾ എറിഞ്ഞതെന്ന് ധർമ്മപാലിന്റെ സഹോദരൻ പറഞ്ഞു.
കുരങ്ങുകൾക്കെതിരെ എങ്ങനെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് പൊലീസ് ഓഫിസർ ചിത്വൻ സിങ് ചോദിച്ചു. അങ്ങനെ ചെയ്താൽ ജനങ്ങൾ കളിയാക്കി ചിരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കേസ് ഡയറിയിൽ ഈ സംഭവവും റജിസ്റ്റർ ചെയ്യുമെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.