ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി നിയമം പാസാക്കി ആഴ്ചകൾ കഴിഞ്ഞിട്ടും മൊഴി ചൊല്ലൽ തുടർക്കഥ. ഉത്തർപ്രദേശിലെ ഈട്ടയിൽ വീട്ടിലെത്താൻ പത്ത് മിനിറ്റ് വൈകിയെന്ന കാരണം പറഞ്ഞാണ് ഭാര്യയെ ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയത്.

വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുഖമില്ലാതെ കിടപ്പിലായ മുത്തശ്ശിയെ കാണാൻ അമ്മയുടെ വീട്ടിലേക്ക് പോയതായിരുന്നു യുവതി. “അര മണിക്കൂറിനകം തിരിച്ചെത്തണമെന്ന് പറഞ്ഞാണ് ഭർത്താവ് എന്നെ പോകാൻ അനുവദിച്ചത്. തിരിച്ചെത്താൻ പത്ത് മിനിറ്റാണ് ഞാൻ വൈകിയത്. സഹോദരന്റെ മൊബൈലിൽ വിളിച്ച് എന്നോട് സംസാരിച്ച അദ്ദേഹം ഒറ്റയടിക്ക് മൂന്ന് തവണ മൊഴി ചൊല്ലി. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിൽ ഞാൻ തകർന്നുപോയി,” യുവതി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീധനം നൽകിയില്ലെന്ന പേരിൽ ഗാർഹിക പീഡനം നിരന്തരം ഏൽക്കേണ്ടി വരുന്നതായും യുവതി പരാതിയിൽ പറയുന്നു. തനിക്ക് നീതിയുറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നുമാണ് യുവതി പറഞ്ഞത്.

ഡിസംബർ 27 നാണ് ലോക്സഭയിൽ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കി നിയമം പാസാക്കിയത്. നിയമം തെറ്റിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കും. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ