കാൻപൂർ: അച്ഛനും സുഹൃത്തുക്കളും ചേർന്ന് ബലാൽസംഗം ചെയ്തതായി മകളുടെ പരാതി. വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ 35 കാരിയാണ് അച്ഛനും സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം.
ഏപ്രിൽ 15 നാണ് അച്ഛനും സുഹൃത്തുക്കളും ചേർന്ന് തന്നെ ബലാൽസംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയിലുളളതായി അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് മാർടന്ത് പ്രകാശ് സിങ് പറഞ്ഞു. സംഭവത്തിൽ ഒരാളെ പിടികൂടിയെന്നും യുവതിയുടെ അച്ഛനും മറ്റൊരാളും ഒളിവിലാണെന്നും ഇവർക്കായുളള തിരച്ചിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 20 വർഷം മുൻപാണ് യുവതി വിവാഹിതയായത്. പിന്നീട് വിവാഹ മോചിതയായി. അന്നു മുതൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. യുവതിക്ക് ഒരു മകനുണ്ടെന്നും പൊലീസ് ഓഫിസർ പറഞ്ഞു.
ഏപ്രിൽ 15ന് പ്രതി മകളെയും കൂട്ടി കാംലപൂരിൽ നടക്കുന്ന വിപണന മേള കാണാനായി പോയി. അവിടേക്ക് തന്റെ സുഹൃത്ത് മാൻ സിങ്ങിനെ വിളിച്ചുവരുത്തി. അവിടെ വച്ച് ഇരുവരും ചേർന്ന് യുവതിയെ ബലാൽസംഗം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അച്ഛനൊപ്പം നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് മാൻ സിങ്ങെന്ന് പൊലീസ് പറഞ്ഞു.
ബലാൽസംഗത്തിനുശേഷം മോട്ടോർ സൈക്കിളിൽ യുവതിയെയും കൊണ്ട് മറ്റൊരു സുഹൃത്ത് മീറജിന്റെ വീട്ടിലേക്ക് പോയി. അവിടെ മുറിയിൽ യുവതിയെ 18 മണിക്കൂറോളം പൂട്ടിയിട്ടു. ഇതിനിടയിൽ യുവതിയെ പലതവണ ബലാൽസംഗത്തിനിരയാക്കിയതായി പൊലീസ് വ്യക്തമാക്കി. അവിടെനിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി സംഭവങ്ങളെല്ലാം അമ്മയെ അറിയിച്ചു. അതിനുശേഷം പരാതി നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.