/indian-express-malayalam/media/media_files/uploads/2017/08/independence-madrasaindependence-day-celebrations-in-moradabad_98f3eeca-81a4-11e7-929c-3545fa1ac73c.jpg)
ലക്നൗ: സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് മദ്രസകള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ വിവാദ ഉത്തരവ് മദ്രസകള്‍ അവഗണിച്ചു. കാണ്‍പൂരിലേയും മീററ്റിലേയും ബറൈലിയിലേയും മദ്രസകളില്‍ വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് ഇഖ്ബാലിന്റെ ദേശഭക്തി ഗാനമായ 'സാരേ ജഹാംസെ അച്ഛാ' ആണ് ആലപിച്ചത്. എന്നാല്‍ ഇതിന്റെ വീഡിയോ പകര്‍ത്താന്‍ തയ്യാറാകാതിരുന്ന മദ്രസകള്‍ തങ്ങളുടെ രാജ്യസ്നേഹം ആരേയും ബോധ്യപ്പെടുത്തേണ്ടെന്നും വ്യക്തമാക്കി.
ദേശീയ പതാക കൈയിലേന്തിയ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിനം പരമ്പരാഗത രീതിയില്‍ ആഘോഷിച്ചു. മധുരം വിതരണം ചെയ്തും പരസ്പരം സ്നേഹസംവാദങ്ങള്‍ നടത്തിയുമാണ് മദ്രസാ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞത്. സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കുന്നതും, മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതും, ദേശീയഗാനം ആലപിക്കുന്നതും, അടക്കമുളള ആഘോഷപരിപാടികളുടെ ദൃശ്യങ്ങള്‍ ജില്ല ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം എന്ന നിബന്ധനകളാണ് സര്‍ക്കാര്‍ വിവാദ ഉത്തരവില്‍ പറഞ്ഞിരുന്നത്.
ഇത് സംബന്ധിച്ച കത്ത് മദ്രസ പരിഷത്ത് ബോര്‍ഡ് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിനാല്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ മദ്രസകള്‍ ബാധ്യസ്ഥമാണെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശദീകരണം. എന്നാല്‍ അതിന് വീഡിയോ തയ്യാറാക്കി തെളിവ് കൊടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് മദ്രസ അധികൃതര്‍ ചോദിക്കുന്നു.
അതേസമയം ഉത്തരവിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മദ്രസകളും അധ്യാപകരും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഗൊരഖ്പൂരിലെ മദ്രസ അറേബ്യ മാനേജര്‍ ഹാജി സയ്യിദ് തഹ്വാര്‍ ഹുസ്സൈന്‍ പറഞ്ഞു. തങ്ങളെ സംശയത്തോടെ നോക്കിക്കാണുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. സാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് പോരാളികളുടെ സംഭാവനങ്ങളെകുറിച്ച് കുട്ടികള്‍ക്ക് അറിവ് ലഭിക്കാന്‍ കാരണമാകുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. ഏകദേശം 8,000 മദ്രസകള്‍ക്കാണ് യുപി സര്‍ക്കാരിന്റെ മദ്രസ ശിക്ഷ പരിഷത്തിന്റെ അംഗീകാരമുള്ളത്. ഇതില്‍ 500 മദ്രസകള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന് കീഴിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.