ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കക്ഷികൾ. സംഭവ സ്ഥലം സന്ദർശിക്കാൻ പ്രതിപക്ഷ നേതാക്കളെ അനുവദിക്കാത്ത യുപി സർക്കാർ സംഭവം മറച്ചുവെക്കാനുള്ള ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ അഭിപ്രായപ്പെട്ടു.
ജനാധിപത്യം “തകർക്കപ്പെടുന്നു” എന്ന് സംഭവത്തിൽ സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു “ഹത്രാസ് മാതൃക” ആവർത്തിക്കുന്നുവെന്ന് എഎപിയുടെ മുഖ്യ വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സംസ്ഥാന -കേന്ദ്ര സർക്കാരുകൾ അക്രമത്തെ മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിൽനിന്നു തന്നെ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പൊലീസ് കസ്റ്റഡിൽ നിരാഹാരമിരുന്നു. തന്നെ പൊലീസ് കസ്റ്റഡിയിൽ വച്ച സിതാപുർ ജില്ലയിലെ പിഎസി ഗസ്റ്റ് ഹൗസിലെ മുറി പ്രിയങ്ക വൃത്തിയാക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
”കര്‍ഷകരെ അതിവേഗം ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ രാഷ്ട്രീയം ഉപയോഗിക്കുന്നുവെന്നാണ് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നത്. ഇത് കര്‍ഷകരുടെ രാജ്യമാണ്, ബിജെപിയുടേതല്ല … ഇരകളുടെ ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ ഒരു കുറ്റവും ചെയ്യുന്നില്ല … എ ന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളെ തടയുന്നത്? ? നിങ്ങള്‍ക്ക് ഒരു വാറന്റ് ഉണ്ടായിരിക്കണം,” കസ്റ്റഡിയിലെടുത്ത ശേഷം പ്രിയങ്ക പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലക്നൗവിലെ വസതിക്ക് പുറത്തുനിന്നാണ് അഖിലേഷിനെ കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സുഖ്‍ജിന്ദർ സിങ് രൺധാവയെ സഹാരൺപുർ അതിർത്തിയിൽനിന്ന് യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചു കയറി നാല് കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണു മരിച്ചത്.സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. മന്ത്രി അജയ് മിശ്രയെ ഉടൻപുറത്താക്കണെന്നും യുപി പൊലീസിന്റെ എഫ്ഐആറിൽ പേരുള്ള മകന ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അനധികൃതമായി തടവിൽവച്ച പ്രിയങ്ക ഗാന്ധിയെ ഉടൻ വിട്ടയയ്ക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
പഞ്ചാബിലെ വിവിധ കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ലഖിംപുരിലേക്ക് തിരിച്ചു കഴിഞ്ഞു. പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് രുള്‍ദു സിങ് മന്‍സ, ക്രിതി കിസാന്‍ യൂണിയന്‍ നേതാവ് രമിന്ദര്‍ സിങ് എന്നിവര്‍ ഇന്നലെ രാത്രി തന്നെ പുറപ്പെട്ടതായാണ് വിവരം. “മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കും വരെ പോരാടും,” ഭാരതിയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍ ബുത സിങ് ബുര്‍ജ്ഗില്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലും ലഖിംപുര്‍ അപകടത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുകയാണ്. പഞ്ചാബില്‍ നവജോത് സിങ് സിദ്ധുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പഞ്ചാബ് രാജ് ഭവന് മുന്നില്‍ പ്രതിഷേധിച്ചു. അജയ് മിശ്രയുടെ മകന്റെ അറസ്റ്റ് ആവശ്യപ്പെട്ടായിരുന്നു സമരം. ലഖിംപുരിലേക്ക് പോകവെ പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടിയേയും കോണ്‍ഗ്രസ് നേതാക്കന്മാര്‍ വിമര്‍ശിച്ചു.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കൊടും ക്രൂരതയ്ക്ക് കേന്ദ്ര സര്‍ക്കാരാണ് ധൈര്യം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സമാധാനമായി സമരം ചെയ്തിരുന്ന കര്‍ഷകരെ ഭീഷണിപ്പെടുത്തിയ അജയ് മിശ്രയുടെ മകന്‍ ഈ നരഹത്യക്ക് നേതൃത്വം നല്‍കിയത് യാദൃശ്ചികമല്ലെന്നും വേണുഗോപാല്‍ ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ അജയ് മിശ്ര സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. “ഇന്നലത്തെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെയോ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയോ ചുമതലപ്പെടുത്തണം. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം,” അജയ് മിശ്ര പറഞ്ഞു.