ന്യൂഡൽഹി: കാൺപൂരിൽ മകളുടെ മുന്നിൽ വച്ച് യുവാവിനെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ പ്രാദേശിക കോടതി ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു.
അഫ്സാർ അഹമ്മദ് എന്നയാളെയാണ് അക്രമികൾ മർദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തത്. ആക്രമണത്തിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അഫ്സാർ അഹമ്മദിന്റെ അഞ്ച് വയസ്സുള്ള മകൾ തന്റെ പിതാവിനെ വിട്ടയയ്ക്കണമെന്ന് അക്രമികളോട് അഭ്യർത്ഥിക്കുന്നതായി വീഡിയോകളിൽ കാണാം.
കാവി ഷാൽ ധരിച്ച ചില പുരുഷന്മാരാണ് ഇ-റിക്ഷാ ഡ്രൈവറായ അഹമ്മദിനെ ആക്രമിച്ചത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഹ്മദിന്റെ മകൾ തന്റെ പിതാവ് അത്തരമൊരു മുദ്രാവാക്യം ഉയർത്തിയില്ലെന്ന് ആവർത്തിച്ച് അപേക്ഷിക്കുന്നതും അദ്ദേഹത്തെ മോചിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് അഹമ്മദിനെ പോലീസ് രക്ഷപ്പെടുത്തി അദ്ദേഹത്തെയും മകളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ആക്രമണം നടത്തിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി കാൺപൂർ പോലീസ് കമ്മീഷണർ അസിം കുമാർ അരുൺ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത അവരെ വെള്ളിയാഴ്ച വിട്ടയച്ചതായി എഡിസിപി (സൗത്ത്) അനിൽ കുമാർ പറഞ്ഞു.
Read More: ‘ജനാധിപത്യത്തിന് മേലുള്ള ആക്രമണം;’ ട്വിറ്റർ തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരെ രാഹുൽ
“അവരെ കസ്റ്റഡിയിലെടുക്കുകയും അവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ഇന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയക്കുകയും ചെയ്തു,” അനിൽ കുമാർ പറഞ്ഞു.
കേസിലെ മൂന്ന് പ്രധാന പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി വെള്ളിയാഴ്ച രാവിലെ കാൺപൂർ പോലീസ് കമ്മീഷണർ അസിം കുമാർ അരുൺ പറഞ്ഞു.
“ഒരു മനുഷ്യനെ മർദ്ദിക്കുന്ന ഒരു വീഡിയോ കാൺപൂർ നഗറിൽ നിന്ന് പുറത്തുവന്നു. ആളെ ഉടൻ രക്ഷപ്പെടുത്തി, പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് അയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ, അന്വേഷണത്തിന്റെ ഭാഗമായി അയാളെ മർദ്ദിച്ച മൂന്ന് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്, അവിടെ സ്ഥിതി സാധാരണമാണ്. മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
“ബാൻഡ് വാല” എന്നറിയപ്പെടുന്ന അജയ് രാജേഷ്, അമൻ ഗുപ്ത, രാഹുൽ കുമാർ എന്നിവരാണ് പ്രതികൾ.
ഐപിസി 147 (കലാപം), 323 (സ്വമേധയാ ഉപദ്രവമുണ്ടാക്കൽ), 504 (സമാധാനം ലംഘിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണി) വകുപ്പുകൾ പ്രകാരം മൂന്ന് പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
Read More: ‘ജനാധിപത്യത്തിന്റെ കൊലപാതകം’: പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചതിനെതിരെ പ്രതിപക്ഷം
പ്രതികളെ വിട്ടയക്കണമെന്നും അറസ്റ്റ് തെറ്റാണെന്നും അവകാശപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ വ്യാഴാഴ്ച രാത്രി പ്രാദേശിക ഡിസിപിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ ‘ജയ് ശ്രീറാം’, ‘വന്ദേമാത്രം’ എന്നീ മുദ്രാവാക്യങ്ങളും അവർ ഉയർത്തിയിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഘടനയിലെ അംഗങ്ങളുമായി ചർച്ച നടത്തിയതിനെ തുടർന്ന് അവർ പ്രതിഷേധം പിൻവലിച്ചു.
സൗത്ത് ഡിസിപി രവീണ ത്യാഗി വ്യാഴാഴ്ച അഹമ്മദിന്റെ കുടുംബത്തെ കണ്ടിരുന്നു.
ആക്രമണം നടന്ന ചേരിയിൽ താമസിക്കുന്ന വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട രണ്ട് കുടുംബങ്ങൾക്കിടയിൽ ഒരു മാസം മുമ്പ് നടന്ന തർക്കത്തിന് അഹ്മദിനെതിരായ ആക്രമിച്ചതായി ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.