ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് കൊറോണ വൈറസ് പിടിപെട്ട ഗാസിയാബാദ് സ്വദേശികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്താന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഇവര്‍ ആരോഗ്യ വിഭാഗം ജീവനക്കാരോട് മോശമായി പെരുമാറി എന്നാരോപിച്ചാണു നടപടിയെടുക്കുന്നത്.

”അവര്‍ നിയമം പിന്തുടരുകയില്ല, അവര്‍ വ്യവസ്ഥ പിന്തുടരുകയില്ല, അവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണ്, അവര്‍ ആരോഗ്യപ്രവര്‍ത്തകരായ സ്ത്രീകളോട് എന്തുചെയ്താലും അത് ഗുരുതരമായ കുറ്റകൃത്യമാണ്. അവര്‍ക്കെതിരെ ഞങ്ങള്‍ എന്‍എസ്എ ചുമത്തുകയാണ്,” യോഗി ആദിത്യനാഥ് പറഞ്ഞു. പൊലീസ് സേനയെ ലക്ഷ്യമിടുന്നവര്‍ക്കെതിരെയും എന്‍എസ്എ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Read Also: കോവിഡ്-19: ഇന്ത്യയിൽ നിന്ന് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവ്

പുരുഷന്മാര്‍ മരുന്ന് കഴിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സുമാരും മെഡിക്കല്‍ സ്റ്റാഫും ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സാമൂഹിക അകലം പാലിക്കാന്‍ പറഞ്ഞിട്ടും പുരുഷന്മാര്‍ കൂട്ടമായി ഇരിക്കുന്നതായി കത്തില്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് ആറ് രോഗികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

ആരോപണവിധേയരായ ആറുപേരും കഴിഞ്ഞമാസം ഡല്‍ഹിയിലെ നിസമുദ്ദീന്‍ മര്‍കസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയവരെ സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈനിലേക്കു മാറ്റുകയായിരുന്നു.

സമ്മേളനത്തില്‍ പങ്കെടുത്ത, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലുടനീളമുള്ള നിരവധി തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമ്മേളനവുമായി ബന്ധമുള്ള പോസിറ്റീവ് കേസുകള്‍ യുപിയില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ഏതെങ്കിലും ജമാഅത്ത് അംഗം വിസ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ആദിത്യനാഥ് നേരത്തെ ഉത്തരവിട്ടിരുന്നു. നിസാമുദ്ദീന്‍ മര്‍കസ് പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ജമാഅത്ത് അംഗങ്ങളെ കണ്ടെത്താനും വിദേശ പൗരന് അഭയം നല്‍കിയതായി കണ്ടാല്‍ നടപടിയെടുക്കാനും 18 ജില്ലകളിലെ പൊലീസ് മേധാവികള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Read Also: മദ്യം കോവിഡ്-19-ല്‍ നിന്ന് രക്ഷിക്കില്ല; പകരം രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരോ അതുമായി ബന്ധപ്പെട്ടവരോ ആയ 15 പേരാണു രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചിരിക്കുന്നത്. ചിലര്‍ മരിച്ച ശേഷമാണു രോഗം ബാധിച്ച കാര്യം സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലെ ആകെ 293 കേസുകളില്‍ 182 ഉം നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. 141 പുതിയ കേസുകളില്‍ 129 പേരും നിസാമുദ്ദീന്‍ മര്‍കസില്‍നിന്നുള്ളവരാണ്.

രാജ്യത്തെ 2,069 പോസിറ്റീവ് കേസുകളില്‍ നാനൂറും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടതോ സമ്മേളനത്തില്‍ നേരിട്ടു പങ്കെടുത്തവരോ ആണ്. ഇവരില്‍ നിന്ന് സാമൂഹ്യവ്യാപനമുണ്ടായിട്ടുണ്ടോ എന്ന ആശങ്കയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്.

Read More: UP govt invokes NSA against Tablighi patients for ‘misbehaving’ with Ghaziabad medical staff

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook