മുന്‍ എംപി അതിഖ് അഹമ്മദിന്റേയും അദ്ദേഹത്തിന്റെ സഹോദരന്റേയും കൊലപാതകത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. സംസ്ഥാനത്ത് തുടരുന്നത് ക്രൂരമായ അരാജകത്വമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് അത് നിയമം അനുസരിച്ചുള്ളതായിരിക്കണമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത്തരം കുറ്റ കൃത്യങ്ങള്‍ നടത്തുന്നവരേയും അവരെ സംരക്ഷിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നാണ് കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറി ജയറാം രമേഷ് പറയുന്നത്.
ഉത്തർപ്രദേശ് അരാജകത്വത്തിലേക്കും ജംഗിൾ രാജിലേക്കും വഴുതിപ്പോയെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആരോപിച്ചു. ജയ് ശ്രീറാം മുദ്രാവാക്യങ്ങൾക്കിടയിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഗുരുതരമായ മറ്റൊരു ആരോപണവും മെഹബൂബ ഉന്നയിച്ചിട്ടുണ്ട്.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായാണ് അതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയതെന്നും മെഹബൂബ ആരോപിച്ചു.
ഉത്തര്‍ പ്രദേശിലെ ക്രമസമാധാന പരിപാലനത്തില്‍ ഉണ്ടായ വീഴ്ചയില്‍ താന്‍ ആശ്ചര്യപ്പെടുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പോലീസിന്റേയും മാധ്യമങ്ങളുടേയും സാന്നിധ്യത്തില്‍ കുറ്റവാളികൾ ഇപ്പോൾ നിയമം കൈയിലെടുക്കുന്നത് ലജ്ജാകരമാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും മമത ട്വീറ്റ് ചെയ്തു.
കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാരിന് പങ്കുണ്ടെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി ആരോപിച്ചു. വിഷയത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെയും സമിതിയിൽ ഉൾപ്പെടുത്തരുതെന്നുമാണ് ഒവൈസിയുടെ നിര്‍ദേശം.
യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. “കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം, പക്ഷേ അത് രാജ്യത്തെ നിയമം അനുസരിച്ചായിരിക്കണം. രാഷ്ട്രീയ ലക്ഷ്യത്തിനായി നിയമസംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് നമ്മുടെ ജനാധിപത്യത്തിന് ശരിയല്ല,” പ്രിയങ്ക കുറിച്ചു.
കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാൻ കോടതികളുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഓര്‍മ്മിപ്പിച്ചു, “ക്രമസമാധാനം വച്ച് കളിക്കുന്നത് അരാജകത്വത്തിന് മാത്രമേ ജന്മം നൽകൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമവാഴ്ച ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആർക്കും ഉണ്ടാകമെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത്. ഉത്തർപ്രദേശിൽ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും തന്റെ സംസ്ഥാനത്ത് സജീവമായ ഗുണ്ടാസംഘങ്ങൾക്കും അവരുടെ ഗതി ആതിഖിന്റെ ഗതി തന്നെയാകുമെന്നും ഗെലോട്ട് മുന്നറിയിപ്പ് നൽകി.