ലക്‌നൗ: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മദ്രസ്സകളില്‍ മുസ്ലീംമത ആഘോഷങ്ങള്‍ക്ക് അവധികുറച്ചും മറ്റ് മതങ്ങളുടെ ആഘോഷങ്ങള്‍ക്ക് അവധി കൂട്ടിയും ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ വിജ്ഞാപനം. ഉത്തര്‍ പ്രദേശ് മദ്രാസ് ബോര്‍ഡ് രജിസ്ട്രാര്‍ പുറത്തിറക്കിയ 2018ലെ അദ്ധ്യാനവര്‍ഷത്തിന്‍റെ കലണ്ടറാണ് വിവാദമായിരിക്കുന്നത്.
46 ദിവസം നീണ്ടുനിന്നിരുന്ന റംസാന്‍ അവധി 42 ദിവസമായി ചുരുക്കിയപ്പോള്‍ ക്രിസ്തുമസ്, ദീപാവലി, ദസറ, മഹാവീര്‍ ജയന്തി, ബുദ്ധ പൗര്‍ണമി, രക്ഷാ ബന്ധന്‍ എന്നീ ആഘോഷങ്ങള്‍ക്ക് നല്‍കിയിരുന്ന അവധിയും കൂട്ടി. കൂടാതെ മദ്രസ മാനേജർമാരുടെ വിവേചനാധികാരത്തിലുള്ള 10 അവധി ദിനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 92 അവധികളില്‍ ഈ വര്‍ഷം 86 ആയി ചുരുങ്ങിയിട്ടുണ്ട്.
ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് മദ്രസ അദ്ധ്യാപകരുടെ സംഘടന ഇതില്‍ പുനപരിശോധന ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിട്ടുണ്ട്.
അതേസമയം സര്‍ക്കാരിന്‍റെ വിജ്ഞാപനം ന്യായമാണ് എന്നും മദ്രസ്സകള്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ എല്ലാ സവകലാശാലകള്‍ക്കും ബാധകമാണ് ഈ തീരുമാനം എന്നാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ചൗധരി ലക്ഷ്മി നരയന്‍ പ്രതികരിച്ചത്.