ന്യൂഡല്‍ഹി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി 1000 ബസുകള്‍ ഓടിക്കാമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ പ്രിയങ്കയുടെ നിര്‍ദ്ദേശം സ്വീകരിച്ചുവെന്നും 1000 ബസുകളുടേയും അവയുടെ ഡ്രൈവര്‍മാരുടേയും വിശദാംശങ്ങള്‍ എത്രയും വേഗം നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) പ്രിയങ്ക ഗാന്ധിക്ക് കത്തെഴുതി.

വീടുകളിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ടു കൊണ്ട് ഗാസിയാബാദിലെ രാം ലീല മൈതാനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ കൂട്ടംകൂടിയതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പ്രിയങ്കയുടെ വാഗ്ദാനം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചത്.

“ഗാസിയാബാദിലെ രാം ലീല മൈതാനത്തില്‍ മൈതാനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തടിച്ചു കൂടിയിരിക്കുന്നു. യുപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഒരു മാസം മുമ്പ് അവര്‍ കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നുവെങ്കില്‍ ഈ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. 1000 ബസുകള്‍ ഓടിക്കാമെന്ന് ഞങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. അവരെ യുപി അതിര്‍ത്തിയിലെത്തിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചില്ല. സര്‍ക്കാര്‍ തൊഴിലാളികളെ സഹായിക്കുന്നതുമില്ല. മറ്റുള്ളവരെ സഹായിക്കാന്‍ അനുവദിക്കുന്നില്ല,” പ്രിയങ്ക ട്വീറ്റ് ചെയ്തു.

Read Also: കോവിഡ് രോഗം മറച്ചുവച്ച് അബുദാബിയിൽ നിന്നെത്തിയ മൂന്ന് പേർ; കേസെടുത്തു

1000 ബസ്സിന്റെ പട്ടികയ്‌ക്കൊപ്പം തൊഴിലാളികളുടെ പട്ടികയും തന്നാല്‍ അവരെ സംസ്ഥാനത്തേയ്ക്ക് വരാന്‍ അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

“പട്ടിക തരാന്‍ ഞങ്ങള്‍ അവരോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാമെന്ന് പറഞ്ഞിരുന്നു,” മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ക്കത് ചെയ്യാന്‍ സന്തോഷമേയുള്ളൂ. പക്ഷേ കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ക്ക് പട്ടികയൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ലഭ്യമാക്കിയ ബസുകളില്‍ തൊഴിലാളികളെ കൊണ്ടുവരണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ട് ഒരു ദിവസം കഴിഞ്ഞശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്.

Read in English: ‘Provide details of 1,000 buses’: UP govt accepts Priyanka Vadra’s proposal

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook