ലക്‌നൗ: സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവതിക്കെതിരെ പ്രതിഷേധം മുറുകുന്നതിനിടെ ഉത്തർപ്രദേശ് സർക്കാരും ചിത്രത്തിനെതിരെ രംഗത്ത്. ജനവികാരം കണക്കിലെടുത്ത് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ചരിത്രത്തെ സിനിമ വളച്ചൊടിക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര വാർത്താ വിതരണ സെക്രട്ടറിക്കാണ് യുപി സർക്കാർ കത്തയച്ചത്.

സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയുടെ റിലീസ് യുപിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. ചിത്രത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങൾകൂടി സർക്കാർ പരിഗണിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ചിത്രത്തിനെതിരെ യുപിയിൽ ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ റാലികൾ, പോസ്റ്റർ നശിപ്പിക്കുക, കോലം കത്തിക്കുക തുടങ്ങിയ അക്രമപ്രവർത്തനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് യുപിയിലെ മൾട്ടിപ്ലെക്സ് ഉടമകൾക്ക് ഭീഷണിയും നിലനിൽക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് യുപി സർക്കാരിന്‍റെ ആവശ്യം.

പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജ്​പുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ്​ ചെയ്യുന്നതിനെതിരെ രജ്​പുത്​ സംഘടനകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

ര​ണ്‍​വീ​ർ സിങ്ങും ദീ​പി​കാ പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പി​ക റാ​ണി പത്മാവതി​യാ​യും ര​ണ്‍​വീ​ർ അ​ലാ​വു​ദി​ൻ ഖി​ൽ​ജി​യാ​യും ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook