ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സുമായുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടാസംഘത്തലവന്‍ അനില്‍ ദുജാന കൊല്ലപ്പെട്ടു. സൂറത്തില്‍ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് അനില്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ സംഘത്തിലെ അംഗങ്ങളെ കാണാന്‍ ദുജാന യാത്ര ചെയ്യവെയാണ് സംഭവം. എസ് ടി എഫ് ടീം വളഞ്ഞതോടെ ദുജാന സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
18 കൊലപാതക കേസുകള്‍ ഉള്‍പ്പടെ അനിലിന്റെ പേരില്‍ 60 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് യുപി എസ്ടിഎഫിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പോലീസ് അമിതാഭ് യാഷ് പറയുന്നത്. കലാപം, കൊള്ളയടിക്കൽ, കവർച്ച, പിടിച്ചുപറി തുടങ്ങിയ ആറ് കേസുകളും ഇവയില്‍ ഉള്‍പ്പെടുന്നു.
ദുജാന വീണ്ടും ഗുണ്ടാസംഘം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാർ പറഞ്ഞു. ഗൗതം ബുദ്ധ് നഗറിലെ ദാദ്രി പോലീസ് സ്‌റ്റേഷനിൽ കൊള്ളയടിക്ക് ദുജാനയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് റെക്കോര്‍ഡുകളില്‍ പറയുന്നത് അനില്‍ ദുജാനയുടെ യഥാര്‍ത്ഥ പേര് അനില്‍ സിങ് എന്നാണെന്നാണ്. യുപിയിലെ ദുജാന ജില്ലയിലായിരുന്നു ജനനം. രണ്ട് സഹോദരങ്ങളും സഹോദരിയുമടക്കം അഞ്ച് പേരടങ്ങുന്ന കുടുംബമാണ് അനിലിന്റേത്. 2002-ല്‍ നോയിഡയിലെ സെക്ടര്‍ എട്ടില്‍ വച്ച് ഒരാളെ കൊലപ്പെടുത്തി അഞ്ചരലക്ഷം രൂപ കവര്‍ന്നതിന് പിന്നാലെയാണ് അനില്‍ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നത്.