കാൺപൂർ: സാമുദായിക ഐക്യം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മഥുര ജില്ലയിലെ നന്ദ മഹൽ ക്ഷേത്രത്തിൽ നിസ്കരിച്ച, ഡൽഹി ആസ്ഥാനമായുള്ള ഖുദായ് ഖിദ്‌മത്ഗറിലെ നാല് അംഗങ്ങൾക്കെതിരെ കേസെടുത്തു. ഇവരിൽ ഒരാളായ ഫൈസൽ ഖാനെ തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

“സാമുദായിക ഐക്യം കാണിക്കുന്നു” എന്ന് പറഞ്ഞ് നാലുപേരിൽ ഒരാൾ നിസ്കരിക്കുന്ന ചിത്രങ്ങൾ, ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് സംഭവം പുറത്തായത്.

ഫൈസൽ ഖാനെ കൂടാതെ ചന്ദ് മുഹമ്മദ്, അലോക് രത്തൻ, നിലേഷ് ഗുപ്ത എന്നിവർക്കെതിരെയേും കേസെടുത്തിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തുന്നതിനും ആരാധനാലയം അശുദ്ധമാക്കുന്നതിനും കുഴപ്പങ്ങൾ സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ക്ഷേത്ര പരിപാലകൻ നൽകിയ പരാതിയിൽ മഥുരയിലെ ബർസാന പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച ഗംഗാജലും ഹവാനും ഉപയോഗിച്ച് പരിസരം ശുദ്ധമാക്കിയതായി ക്ഷേത്ര അധികൃതർ അറിയിച്ചു.

സംഭവം ഒക്ടോബർ 29 നാണെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. അവരിൽ രണ്ടുപേർ മുസ്ലീങ്ങളാണ്, അവർ പ്രാർത്ഥന നടത്താൻ എത്തിയിരുന്നു. മതപരമായ വിവേചനം ഇല്ലാത്തതിനാൽ അവരെ അകത്തേക്ക് അനുവദിച്ചു. പിന്നീട് രണ്ട് മുസ്ലീം യുവാക്കളും ക്ഷേത്രപരിസരത്ത് ഉച്ചകഴിഞ്ഞ് നിസ്കരിച്ചു. ഞായറാഴ്ച ചിലർ സംഭവത്തിന്റെ ഫോട്ടോകൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. തുടർന്ന് ക്ഷേത്ര ഉദ്യോഗസ്ഥർ പരാതിപ്പെടുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു, ”മഥുര എസ്എസ്പി ഗൌരവ് ഗ്രോവർ പറഞ്ഞു.

ഖുദായ് ഖിദ്‌മത്ഗർ വക്താവ് പവൻ യാദവ് തിങ്കളാഴ്ച രണ്ട് ക്ഷേത്ര ഉദ്യോഗസ്ഥർ യുവാക്കളെ നമസ്‌കരിക്കാൻ അനുവദിച്ചുവെന്ന് അവകാശപ്പെട്ടപ്പോൾ ക്ഷേത്ര അധികൃതർ ഇത് നിഷേധിച്ചു.

ഫൈസൽ ഖാൻ ഹിന്ദുമതത്തിന്റെ അനുയായിയാണെന്ന് അവകാശപ്പെടുകയും നിരവധി ശ്ലോകങ്ങൾ പാരായണം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ക്ഷേത്രം സന്ദർശിക്കാനും പ്രാർത്ഥന നടത്താനും അനുവാദം നൽകിയതെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച ക്ഷേത്ര പരിപാലകൻ മുകേഷ് ഗോസ്വാമി പറഞ്ഞത്.

“തൊപ്പി ധരിച്ച ഖാൻ ഞങ്ങളോട് വളരെ നല്ല രീതിയിൽ സംസാരിച്ചു, അദ്ദേഹം ഒരു കൃഷ്ണ ഭക്തനാണെന്ന് പറഞ്ഞു… ഞങ്ങൾ അവരെ ക്ഷേത്രം സന്ദർശിക്കാൻ അനുവദിച്ചു,” ഗോസ്വാമി പറഞ്ഞു. പിന്നീട് ഇരുവരും നിസ്കരിക്കുന്നത് ക്ഷേത്രം വൃത്തിയാക്കുന്ന ഒരാളാണ് കണ്ടത്. ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook