ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു. ഒരു മന്ത്രി കൂടി ബിജെപി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. സംസ്ഥാന ആയുഷ് മന്ത്രി ഡോ. ധരം സിങ് സെയ്‌നിയാണ് എസ്പിയിൽ ചേർന്നത്. ബിജെപിയിൽനിന്ന് എസ്പിയിലെത്തുന്ന മൂന്നാമത് മന്ത്രിയും എട്ടാമത്തെ എംഎൽഎയുമാണ് അദ്ദേഹം.
ഷിക്കോഹാബാദിൽ (ഫിറോസാബാദ്) നിന്നുള്ള എംഎൽഎയായ മുകേഷ് വർമയും ബിധുന എംഎൽഎ വിനയ് ഷക്യയും ധരം സിങ് സെയ്‌നിക്കു തൊട്ടുമുൻപ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ചു. ഇരുവരും നേരത്തെ രാജിവച്ച മന്ത്രിയും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
“സ്വാമി പ്രസാദ് മൗര്യ ഞങ്ങളുടെ നേതാവാണ്. അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഞങ്ങൾ പിന്തുണയ്ക്കും. വരും ദിവസങ്ങളിൽ മറ്റു നിരവധി നേതാക്കൾ ഞങ്ങളോടൊപ്പം ചേരും,” രാജിവച്ച ശേഷം മുകേഷ് വര്‍മ പറഞ്ഞു. രണ്ട് ദിവസം മുന്‍പായിരുന്നു യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സ്വാമി പ്രസാദ് പാര്‍ട്ടി വിട്ടത്.
അതേസമയം, പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അനുരാഗ് താക്കൂര്‍, ധര്‍മേന്ദ്ര പ്രഥാന്‍, യോഗി ആദിത്യനാഥ് എന്നിവര്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവര്‍ ഓണ്‍ലൈനിലൂടെ ചര്‍ച്ചയുടെ ഭാഗമാകും.
ഇന്നലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ധാരാസിങ് ചൗഹാന്‍ രാജിവച്ചിരുന്നു. പിന്നാക്ക വിഭാഗത്തിലെ ജനങ്ങളോട് യോഗി സര്‍ക്കാരിന്റെ സമീപനം അവഗണന നിറഞ്ഞതായിരുന്നുവെന്ന് ധാരാസിങ് രാജിക്കത്തില്‍ കുറ്റപ്പെടുത്തി.
“മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ വനം, പരിസ്ഥിതി, മൃഗ ഹോർട്ടികൾച്ചർ മന്ത്രി എന്ന നിലയിൽ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാൽ പിന്നാക്ക, ദലിതർ, കർഷകർ, തൊഴിൽ രഹിതരായ യുവാക്കൾ എന്നിവരോടുള്ള സർക്കാരിന്റെ സമീപനം വളരെ അവഗണന നിറഞ്ഞതായിരുന്നു. ഞാൻ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നു,” ധാരാസിങ് രാജിക്കത്തില്‍ പറയുന്നു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി വന്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചതിനുപിന്നാലെയാണ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്. സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെയ്ത കാര്യങ്ങൾ വോട്ടര്‍മാരെ അറിയിക്കാൻ വലിയ ടിവി സ്‌ക്രീനുകളുള്ള ‘എല്‍ഇഡി റാത്തുകള്‍’ 14 മുതല്‍ സ്ഥാപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
Also Read: കോവിഡ് ഭീതിയില്‍ രാജ്യം; 2.47 ലക്ഷം പുതിയ കേസുകള്‍