scorecardresearch
Latest News

യുപിയില്‍ കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ ലല്ലുവിന്റെ ശ്രമങ്ങള്‍; കടമ്പയായി മുന്നിലുള്ളത് സ്വന്തം പാര്‍ട്ടി തന്നെ

പ്രിയങ്ക ഗാന്ധി യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ച അജയ് ലല്ലുവിനെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ മതിപ്പാണ്

Ajay Lallu, UP elections

ന്യൂഡല്‍ഹി: ലക്‌നൗവിൽ നിന്ന് 370 കിലോമീറ്റർ അകലെ ഉത്തർപ്രദേശ്-ബിഹാർ അതിർത്തിയിൽ ഒരു നദിക്കരയിൽ സ്ഥിതി ചെയ്യുന്ന തംകുഹി രാജ് വികസന ഭൂപടത്തില്‍ ഇല്ലാത്തതുപോലെയാണ്. പ്രത്യേകിച്ചു റോഡുകളുടെ കാര്യത്തില്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് വലിയ പരാതിയാണുള്ളത്.

35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗണ്ഡക് നദിയാണ് നിയോജകമണ്ഡലത്തിന്റെ ജീവനാഡി. മറുവശത്ത് നദി വെള്ളപ്പൊക്കത്തിനും അതിലൂടെ വിളനാശത്തിനും കാരണമാകുന്നു.

നദീതീരം സുരക്ഷിതമാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നത് യുപി കോണ്‍ഗ്രസ് അധ്യക്ഷനും മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയുമായ അജയ് കുമാര്‍ ലല്ലുവാണ്. ഭരണകക്ഷിയായ ബിജെപിയും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

2012 ന് ശേഷം രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലല്ലുവിനെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് വലിയ മതിപ്പാണ്. ലല്ലു കഠിനാധ്വാനിയും സ്നേഹമുള്ളവനുമാണെന്നാണ് ജനങ്ങള്‍ പറയുന്നത്. പ്രിയങ്ക ഗാന്ധിയായിരുന്നു ലല്ലുവിനെ അധ്യക്ഷനായി നിയമിച്ചത്.

യുപിയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി തിരിച്ചടി നേരിടുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് ലല്ലു നടത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ വിഷയങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ സമയത്ത് ലല്ലു സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്.

എന്നിരുന്നാലും യുപിയില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നഷ്ടപ്പെടുന്ന ആധിപത്യം അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ്. “ലല്ലു താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ്. പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടി സംസ്ഥാനത്തോ കേന്ദ്രത്തിലോ അധികാരത്തില്‍ ഇല്ല. അധികാരത്തിലെത്താനുള്ള സാധ്യതകളുമില്ല,” മണ്ഡലത്തിലെ ചെറുകിട വ്യവസായിയാ ഓം പ്രകാശ് പട്ടേല്‍ പറയുന്നു.

ആളുകളുടെ കാലിൽ തൊട്ട് വണങ്ങിയും കെട്ടിപ്പിടിച്ചും അഭ്യർത്ഥിച്ചും തന്റെ തനത് ശൈലിയിലാണ് ലല്ലു പ്രചാരണം നടത്തിയത്. എല്ലാ വർഷവും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്ന “അനധികൃത ഖനനം” കൊണ്ട് അണക്കെട്ടുകൾ “അപകടാവസ്ഥയിൽ” എത്തിയതിനെക്കുറിച്ച് അദ്ദേഹം ഒരു സ്ത്രീ വോട്ടറെ ഓർമ്മിപ്പിച്ചു. ലല്ലു നടത്തിയ പ്രതിഷേധത്തിന് ശേഷമായിരുന്നു ഇക്കാര്യത്തില്‍ മാറ്റമുണ്ടായത്.

രണ്ട് കമ്പനികളുടെ സാമ്പത്തിക തട്ടിപ്പുകൾ മൂലം ബുദ്ധിമുട്ടുന്ന ചില പ്രദേശവാസികൾക്കും ലല്ലു ആശ്വാസ വാഗ്ദാനം നല്‍കി. നിഷാദ് സമുദായത്തിന്റെ വോട്ടും ലഭിക്കുമെന്ന പ്രതീക്ഷയിൽ സഖ്യകക്ഷിയായ നിഷാദ് പാർട്ടിയിൽ നിന്നുള്ള അസിം കുമാറിനെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അസിമിനെക്കുറിച്ച് അറിയില്ല. അവരെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ലല്ലുവും നരേന്ദ്ര മോദി-യോഗി ആദിത്യനാഥ് കൂട്ടുകെട്ടും തമ്മിലാണ്.

Also Read: വിദേശ എംബിബിഎസ്: ഇന്ത്യന്‍ പ്രവേശന പരീക്ഷ എഴുതുന്നവരില്‍ മൂന്ന് ഇരട്ടി വര്‍ധന; പാസാകുന്നത് എത്ര ശതമാനം?

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Up election 2022 for state congress chief ajay lallu biggest hurdle is his party itself

Best of Express