ലക്‌നൗ: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും മറ്റു ആറ് പ്രതികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം ലക്‌നൗവിലെ കോടതി കുറ്റം ചുമത്തി. കെ.എ.റൗഫ് ഷെരീഫ്, ആതികൂർ റഹ്മാൻ, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, അബ്ദുൾ റസാഖ്, അഷ്‌റഫ് ഖാദിർ എന്നിവരാണ് മറ്റു പ്രതികൾ.
കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിഎംഎൽഎ പ്രകാരം ഏഴുപേർക്കെതിരെയും കോടതി കുറ്റം ചുമത്തിയതായി ഇഡി അഭിഭാഷകൻ കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. ഡിസംബർ 17 ന് കോടതി അടുത്ത വാദം കേൾക്കും.
2020 ഒക്ടോബറിലാണ് ഉത്തർപ്രദേശ് പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ വീട് സന്ദർശിക്കാൻ മറ്റു മൂന്നുപേർക്കൊപ്പം പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. യുഎപിഎ, രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകളാണ് കാപ്പനെതിരെ ചുമത്തിയത്.
ഹാഥ്റസിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയിൽ കാപ്പനും ഭാഗമാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. അറസ്റ്റിലായ പ്രതികൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലും (പിഎഫ്‌ഐ) അതിന്റെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലും (സിഎഫ്‌ഐ) അംഗങ്ങളാണെന്നും പൊലീസ് അവകാശവാദമുണ്ട്.
സെപ്റ്റംബർ ഒൻപതിന് യുഎപിഎ കേസിൽ കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാപ്പനെ വിട്ടയച്ചില്ല. ഒക്ടോബറിൽ ലക്‌നൗവിലെ പ്രാദേശിക കോടതി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.