ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി മുഴക്കിയ 15 വയസുകാരൻ ആഗ്ര സ്വദേശിയാണ്. കുടുംബത്തിലെ വളരെ അടുത്തൊരു ബന്ധുവിന്റെ വിവാഹത്തിനു തയ്യാറെടുക്കുന്നതിനിടെയാണ് ഈ കുട്ടിയെ തേടി യുപി പൊലീസ് എത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി മുഴക്കിയെന്ന പേരിൽ പൊലീസ് ഈ കുട്ടിയെ അറസ്റ്റ് ചെയ്തു.

സംസ്ഥാന ഹെൽപ് ലൈന്‍ നമ്പറിലേക്ക് വാട്‌സാപ്പ് വഴി വധഭീഷണി സന്ദേശം അയച്ചെന്നാണ് പൊലീസ് ആരോപിക്കുന്നത്. ക്രിമിനൽ കുറ്റത്തിനു ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

വീട്ടിൽ നിന്നു കുട്ടിയെ പിടികൂടിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങൾ സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയുന്നത്. കുട്ടി സാധാരണ രീതിയിൽ വീട്ടിൽ പെരുമാറിയിരുന്നതായും കൂടുതൽ സമയം കളിക്കാനാണ് ചെലവഴിച്ചിരുന്നതെന്നും വീട്ടുകാർ പറയുന്നു.

Read Also: ജനരോഷം ഇരമ്പി, സർക്കാർ വഴങ്ങി; കർഷക പ്രതിഷേധം തുടരുന്നു

പത്താം ക്ലാസിലാണ് അവൻ പഠിക്കുന്നത്. കൂടുതൽ സമയം കളിക്കാൻ ചെലവഴിക്കും. വോളിഫോളാണ് ഇഷ്ട കായിക വിനോദം. സ്‌കൂളിൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാറുണ്ടെന്നും വീട്ടുകാർ പറയുന്നു.

“അവൻ ചെറിയ കുട്ടിയാണ്. എന്ത് സാഹചര്യത്തിലാണ് അവൻ ഇങ്ങനെയൊരു സന്ദേശം അയച്ചതെന്ന് അറിയില്ല. ഗ്രാമത്തിൽ ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത ആളാണ് അവൻ. കുട്ടി ഉപദ്രവകാരിയാണെന്ന് ഇവിടെ ആരും പറയില്ല. ബോറടിച്ചപ്പോൾ ഒരു തമാശ മട്ടിൽ അവൻ ചെയ്‌തതാകും ഇത്. അവനോട് നേരിട്ട് സംസാരിച്ചാലേ ബാക്കി കാര്യങ്ങൾ അറിയൂ. എന്നാൽ, ഒരു ക്രിമിനലിനെ പോലെയാണ് അവനെ വീട്ടിൽ നിന്നു പൊലീസ് കൊണ്ടുപോയത്, ” കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

“സ്‌പോർട്‌സ് ക്വാട്ടയിലൂടെ ഒരു സർക്കാർ ജോലി വാങ്ങിക്കുകയായിരുന്നു കുട്ടിയുടെ ലക്ഷ്യം. സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി വോളിബോൾ കളിക്കണമെന്നും അവൻ ആഗ്രഹിച്ചിരുന്നു,” കുടുംബാംഗങ്ങൾ പറഞ്ഞു.

“ഒരു പത്താം ക്ലാസുകാരനെ സംസ്ഥാനത്തിന്റെ ശത്രു എന്ന നിലയിലാണ് ചിത്രീകരിച്ചത്. അവന് നല്ലൊരു കൗൺസിലിങ് നൽകുകയോ എന്താണ് ശരിയെന്നും തെറ്റെന്നും പറഞ്ഞു മനസിലാക്കുകയോ ആണ് ചെയ്യേണ്ടത്,” പത്താം ക്ലാസുകാരന്റെ സഹോദരൻ പറഞ്ഞു.

ജുവനൈൽ ഹോമിലേക്ക് മാറ്റിയ കുട്ടിയുമായി വീട്ടുകാർ ഫോണിൽ സംസാരിച്ചു. താൻ സുഖമായിരിക്കുന്നുവെന്നും വീട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്നും കുട്ടി പറഞ്ഞതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook