ലക്നൗ: കുറ്റം ചെയ്താൽ മനുഷ്യൻ മാത്രമല്ല വേണ്ടിവന്നാൽ കഴുതകളും ജയിൽ കയറും. ഉത്തർപ്രദേശിലാണ് ഇത്തരത്തിൽ വിചിത്രമായ സംഭവം ഉണ്ടായത്. യുപിയിലെ ഉറായ് ജില്ലയിലുളള ജയിലിനു പുറത്തുളള വിലപ്പെട്ട സസ്യങ്ങൾ ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തതിനാണ് കഴുതകളെ ജയിലിൽ അടച്ചത്. നാലുദിവസം ജയിൽ കഴിഞ്ഞ കഴുതകളെ പ്രാദേശിക നേതാവിന്റെ ഇടപെടൽ കൊണ്ടാണ് ഒടുവിൽ പുറത്തുവിട്ടത്.
മുതിർന്ന ഉദ്യോഗസ്ഥൻ ജയിൽ വളപ്പിൽ വളർത്താനായി സംരക്ഷിച്ചു പോന്ന വില പിടിപ്പുളള സസ്യങ്ങളാണ് കഴുതകൾ നശിപ്പിച്ചത്. കഴുതകളുടെ ഉടമയോട് അവയെ ഇങ്ങനെ തുറന്നു വിടരുതെന്ന് നിർദേശിച്ചിരുന്നു. പക്ഷേ അദ്ദേഹം അത് കേട്ടില്ല. തുടർന്നാണ് കഴുതകളെ ജയിലിൽ അടച്ചതെന്ന് ഉറായ് ജയിൽ ഹെഡ് കോൺസ്റ്റബിൾ ആർ.കെ.മിശ്ര പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഈ മാസം 24 നാണ് കഴുതകളെ അറസ്റ്റ് ചെയ്തത്. കഴുതകളെ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമ കമലേഷ് ജയിൽ അധികൃതരെ സമീപിച്ചുവെങ്കിലും പൊലീസ് തയാറായില്ല. തുടർന്ന് കമലേഷ് പ്രാദേശിക നേതാവിനെ സമീപിക്കുകയും അദ്ദേഹം ഇടപെടലിനെ തുടർന്ന് പൊലീസ് കഴുതകളെ ഇന്ന് റിലീസ് ചെയ്യുകയും ചെയ്തു.