scorecardresearch

'ആദ്യം മഴു കൊണ്ട് വെട്ടി, പിന്നെ കല്ലുകൊണ്ട് ആക്രമിച്ചു, ഒടുവില്‍ നെറ്റി തുളപ്പിച്ചൊരു വെടിയുണ്ട പാഞ്ഞു'

മഴു കൊണ്ട് വെട്ടിയപ്പോള്‍ സുബോധിന്റെ കൈവിരലുകള്‍ അറ്റു, ഇതോടെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് താഴെ ഇട്ടു

മഴു കൊണ്ട് വെട്ടിയപ്പോള്‍ സുബോധിന്റെ കൈവിരലുകള്‍ അറ്റു, ഇതോടെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് താഴെ ഇട്ടു

author-image
WebDesk
New Update
Bulandshahr violence, Jitendra Malik, ബുലന്ദ്ഷഹർ കൊലപാതകം, ie malayalam, ഐഇ മലയാളം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറെ മരിക്കും മുമ്പ് മഴു, കല്ല്, വടികള്‍ എന്നിവ കൊണ്ട് ആക്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ തന്നെ തോക്ക് കൊണ്ട് വെടിവെച്ച് കൊന്നത്. വെടിവെച്ചയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഡല്‍ഹിയിലെ ഓല ടാക്‌സി ഡ്രൈവറായ പ്രശാന്ത് നട്ട് എന്നയാളാണ് പോലീസ് പിടിയിലായത്.

Advertisment

ഡല്‍ഹി നോയിഡ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുബോധ്കുമാറിന്‍റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത പ്രശാന്ത് അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. പോലീസുകാരനെ ആള്‍ക്കൂട്ടം വളയുന്ന വീഡിയോയില്‍ പ്രശാന്ത് ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.

പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെയാണ് സുബോധ് കുമാറിനെതിരെ അക്രമം നടന്നത്. കലുവ എന്നയാളാണ് ആള്‍ക്കൂട്ടത്തിനെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ പൊലീസുകാരനെ മഴു കൊണ്ട് ആദ്യം വെട്ടി. ഒഴിഞ്ഞ് മാറിയപ്പോള്‍ മഴു കൊണ്ട് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അറ്റു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ തലയ്ക്ക് അടിച്ച് താഴെ ഇട്ടുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

publive-image അറസ്റ്റിലായ പ്രശാന്ത് നട്ട്

Advertisment

രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാറിനെ പിന്നീട് വലിച്ചിഴച്ച് കൊണ്ടുവന്ന് വടികള്‍ കൊണ്ട് തല്ലി. ശേഷമാണ് പ്രശാന്ത് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നത്. ഇടത് പുരികത്തിന് മുകളില്‍ പോയന്റ് ബ്ലാങ്കിലാണ് വെടിവെച്ചത്. മറ്റ് പൊലീസുകാര്‍ സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ കല്ലേറുണ്ടായി. തുടര്‍ന്ന് ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ജീപ്പിന് തീയിടാന്‍ ശ്രമിച്ചതോടെ പൊലീസുകാര്‍ സുബോധിനെ വലിച്ച് പുറത്തിട്ടു.

അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. അഖ്‍ലാഖ് വധക്കേസിൽ 18 പേരെ പ്രതിചേർത്ത് കുറ്റപത്രം നല്‍കിയ ഇൻസ്പെക്ടറെ മാത്രം ജനക്കൂട്ടം തിരഞ്ഞ് പിടിച്ച് വെടിവച്ച് കൊന്നത് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പടിഞ്ഞാറേ ഉത്തര്‍പ്രദേശ് മേഖലയിലാണ് കലാപമുണ്ടായത്. മുസ്ലിംങ്ങള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന പ്രചരണത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഈ പ്രചരണം നടത്തിയത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗ്രാമത്തിനടുത്തുള്ള കാട്ടിൽ കശാപ്പ് ചെയ്യപ്പെട്ട പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന ആരോപണം ഉയരുകയും ചില ഹിന്ദു സംഘടനയില്‍പ്പെട്ട ആളുകള്‍ ഈ അവശിഷ്ടങ്ങള്‍ റോഡില്‍ കൊണ്ടിടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

ഇത് എടുത്തുനീക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഈ ആക്രമണത്തില്‍ ആണ് സുബോധ് കുമാറിന് തന്‍റെ ജീവന്‍ നഷ്ടപ്പെട്ടത്.

Murder Uttar Pradesh Cow Vigilante Terrorist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: