/indian-express-malayalam/media/media_files/uploads/2017/03/ashik-1.jpg)
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ പൂവാലന്മാരെ നേരിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ക്വാഡിന് രൂപം നല്‍കുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും പൂവാലശല്യവും തടയാന്‍ 'ആന്റി റോമിയോ ദള്‍' എന്ന പോലീസ് വിഭാഗത്തിനു രൂപം നല്‍കും.
ലക്നൗ മേഖലയിലെ 11 ജില്ലകളിലെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു സംഘത്തെ ഉടന്‍ രൂപീകരിക്കുമെന്ന് ഐജി എ.സതീഷ് ഗണേഷ് അറിയിച്ചു. വനിതാ കോളേജുകള്‍, കടകള്‍, പൊതുവായ ഇടങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ അനാവശ്യമായി നില്‍ക്കുന്ന യുവാക്കളെയാണ് സ്ക്വാഡ് ലക്ഷ്യമിടുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും കളിയാക്കുകയും കമന്റടിക്കുകയും ചെയ്യുന്നവരെ പിടികൂടുകയും അവര്‍ക്കെതിരെ ഗുണ്ടാ നിയമമനുസരിച്ചു കേസെടുക്കുകയും ചെയ്യും.
ഇതിന്റെ ആദ്യനടപടിയെന്നോണം ലക്‌നൗവില്‍ നിന്നും ഇന്നലെ ഗേള്‍സ് സ്‌കൂളിന് പുറത്ത് നിന്നും മൂന്ന് യുവാക്കളെ ആന്റി റോമിയോ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. അധികാരത്തിലെത്തിയാല്‍ 'ആന്റി റോമിയോ ദള്‍' രൂപീകരിക്കുമെന്നു തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
സദാചാര പോലീസ് സംഘമായി സ്ത്രീസുരക്ഷയ്ക്കായുള്ള പ്രത്യേക പോലീസ് മാറുമോയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും യുവാക്കളും ആശങ്കപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.