ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽനിന്നും ജനവിധി തേടും. ഗോരഖ്പൂർ (അർബൺ) യോഗിയുടെ ശക്തികേന്ദ്രമാണ്, ഇവിടെനിന്നും 5 തവണയാണ് അദ്ദേഹം ലോക്സഭയിലേക്ക് ജയിച്ചത്. മാർച്ച് മൂന്നിന് ഗോരഖ്പൂരിലെ വോട്ടെടുപ്പ്.
ബിജെപി പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രഗ്യരാജ് ജില്ലയിലെ സിറാത്തൂരിൽ നിന്നും മത്സരിക്കും. നോയിഡയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ്ങും മത്സരിക്കും. ഫെബ്രുവരി 10 നാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്.
നേരത്തെ, യോഗി അയോധ്യയിൽനിന്നും ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ടുകൾ. പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖമായി ആദിത്യനാഥിനെ കൂടുതല്‍ ഉറപ്പിക്കാനും തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധകിട്ടാനും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
മുഖ്യമന്ത്രിയുടെ കേന്ദ്രമായ ഗോരഖ്പൂരിലെ മഥുര, അല്ലെങ്കില്‍ ബിജെപി ഏറ്റവും കടുത്ത പോരാട്ടം നേരിടുന്ന പടിഞ്ഞാറന്‍ യുപിയിലെ ഒരു മണ്ഡലം ഉള്‍പ്പെടെ നിരവധി സീറ്റുകള്‍ ആദിത്യനാഥിന്റെ കാര്യത്തില്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന് അയോധ്യയില്‍ താല്‍പ്പര്യമുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവ്, യാദവ ഇതര ഒബിസി വിഭാഗങ്ങക്കിടയില്‍ പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍, ‘വലിയ തോതിലുള്ള ഹിന്ദു ഏകീകരണം’ അധികാരത്തില്‍ തിരിച്ചെത്തുന്നതിനുള്ള ഉറപ്പായി ബിജെപി തന്ത്രജ്ഞര്‍ കാണുന്നു. ഇക്കാര്യത്തില്‍ ആദിത്യനാഥ് അയോധ്യയില്‍നിന്നു മത്സരിക്കുന്നതു സഹായിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്.
Read More: യുപിയില്‍ അങ്കം മുറുകുന്നു; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് എസ്പി -ആര്‍എല്‍ഡി സഖ്യം