ന്യൂഡൽഹി: അയോധ്യയിൽ ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമിക്കേണ്ട ക്ഷേത്രത്തിന്റെ പ്രാധാന്യം ‘രാഷ്ട്ര മന്ദിര’ത്തിന് തുല്യമായിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

“രാം മന്ദിർ മറ്റൊരു ക്ഷേത്രം മാത്രമായിരിക്കില്ല. ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമിക്കുന്ന ദേശീയ ക്ഷേത്രമാണിത്. അത് ഇന്ത്യയുടെ ആത്മാവായിരിക്കും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും കരുത്ത് ഈ ക്ഷേത്രം ലോകത്തിന് കാണിച്ചു കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രം നിർമ്മിക്കാനുള്ള പാത ഒരുക്കിയിട്ടുണ്ട്,” ആദിത്യനാഥ് പറഞ്ഞു.

Read More: ജാമിയ മിലിയ സംഘർഷം: രണ്ട് പ്രതിഷേധക്കാർക്ക് വെടിവയ്പിൽ പരുക്ക്

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് പൊതുയോഗങ്ങളിൽ ആദിത്യനാഥ് പ്രസംഗിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒരിക്കലും രാമ ജന്മഭൂമിക്ക് പരിഹാരം കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ആദിത്യനാഥ്, കേന്ദ്രത്തിലെയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാരുകൾ അയോധ്യയിൽ രാമക്ഷേത്രം പണിയാൻ വഴിയൊരുക്കിയെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസും സഖ്യകക്ഷികളും അഴിമതി, ഭീകരവാദം, നക്സലിസം, അരാജകത്വം എന്നിവയ്ക്ക് അനുകൂലമാണെന്നും രാമക്ഷേത്രത്തെ എതിർക്കുന്നുവെന്നും ആദിത്യനാഥ് ആരോപിച്ചു.

സദ്ഭരണത്തിന്റെ യഥാർഥ ഉദാഹരണമാണ് രാമ രാജ്യമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ആരും വിവേചനം കാണിക്കാത്ത ഇടമായിരുന്നു അത്. ദരിദ്രരെ സർക്കാരിന്റെ ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കുന്നതും സുരക്ഷ ഉറപ്പ് നൽകുന്നതും രാമ രാജ്യമാണ്,” ആദിത്യനാഥ് പറഞ്ഞു.

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി ഝാർഖണ്ഡിലെ എല്ലാ കുടുംബങ്ങളിൽ നിന്നും ഇഷ്ടികകൾ സംഭാവനയായി നൽകണമെന്ന് ആദിത്യനാഥ് പറഞ്ഞു. “എല്ലാ ദലിതരും ഗോത്രവർഗക്കാരും ഇത് തങ്ങളുടെ ശ്രീരാമന്റെ ക്ഷേത്രമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കും.”

ഒന്നാം മോദി സർക്കാർ പാവങ്ങളുടെ ക്ഷേമത്തിനായാണ് പ്രവർത്തിച്ചതെങ്കിൽ രണ്ടാം സർക്കാർ രാജ്യത്തിന്റെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഝാർഖണ്ഡിൽ മുഖ്യമന്ത്രി രഘുബാർ ദാസും ബിജെപി ഭരിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലേയും ഭരണാധികാരികളും ഈ ദിശയിൽ തന്നെയാണ് നീങ്ങുന്നത്. ദരിദ്രർക്ക് സൗജന്യമായി വീടുകൾ, ടോയ്‌ലറ്റുകൾ, വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ എന്നിവ ലഭ്യമാക്കുന്നുണ്ടെന്ന് ക്ഷേമ പദ്ധതികളെക്കുറിച്ച് സംസാരിച്ച ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ രണ്ടാം കാലയളവിൽ ലോകത്ത് ഇന്ത്യയുടെ നിലവാരം വളർന്നിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് ക്ഷേമത്തിന്റെ പേരിൽ ചെലവഴിച്ച പണം യഥാർഥത്തിൽ ഇറ്റലിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് ആദിത്യനാഥ് പറഞ്ഞു. കോൺഗ്രസ്, ആർ‌ജെഡി, ഝാർഖണ്ഡ് മുക്തി മോർച്ച എന്നിവിടങ്ങളിൽ ജനാധിപത്യമില്ല. അവരെ സംബന്ധിച്ചിടത്തോളം കുടുംബമാണ് എല്ലാം,” യോഗി ആദിത്യനാഥ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook