ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കുനേരെ പൊലീസ് നടത്തിയ അടിച്ചമർത്തലിനെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ശക്തമായ വിമർശനവുമായി രംഗത്തുള്ളപ്പോഴാണ് സർക്കാർ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പൊലീസിന്റെ നടപടി അക്രമികളായ പ്രതിഷേധക്കാരെ നിശബ്ദരാക്കിയെന്ന് ട്വീറ്റിൽ പറയുന്നു.

“ഓരോ കലാപകാരിയും ഞെട്ടിപ്പോയി. എല്ലാ കുഴപ്പക്കാരും ഭയന്നിരിക്കുന്നു. യോഗി സർക്കാരിന്റെ കർശന നിലപാടിന് സാക്ഷ്യം വഹിച്ച എല്ലാവരും നിശബ്ദരാണ്,” യോഗി ആദിത്യനാഥിന്റെ ഓഫീസ് ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

Also Read: യുപിയിൽ ഇന്റർനെറ്റ് നിരോധനം; പ്രതിഷേധം കനക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

പ്രതിഷേധങ്ങള്‍ക്കിടെ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിൽ യോഗി സർക്കാർ ആയതിനാൽ പ്രതിഷേധക്കാർ കരയുകയാണ്- മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്ററിൽ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. പ്രക്ഷോഭങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതും ഉത്തർപ്രദേശിൽ തന്നെ. 19ഓളം ആളുകൾക്കാണ് ഇതുവരെ പ്രതിഷേധങ്ങൾക്കിടയിൽ ജീവൻ നഷ്ടമായത്. 1113 ആളുകളെയാണ് 327 കേസുകളിലായി അറസ്റ്റ് ചെയ്തിരിക്കുന്നത്. 5558 പേർ കരുതൽ തടങ്കലിലാണ്.

Also Read: ബിജെപി പൊലീസിനെയും വർഗീയവൽക്കരിച്ചു; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

2013 ലെ മുസാഫര്‍നഗര്‍ കലാപത്തിനുശേഷം ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റവും വലിയ പോലീസ് ആക്രമണമാണിത്. 567 കേസുകളില്‍ 1,480 പേരാണ് അന്ന് അറസ്റ്റിലായത്. കലാപത്തില്‍ 63 പേര്‍ കൊല്ലപ്പെടുകയും 50,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

ലഖ്‌നൗവിൽ അറസ്റ്റിലായവരിൽ സാമൂഹിക പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമായ സദാഫ് ജാഫർ, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ എസ് ആർ ദാരപുരി (75), അഭിഭാഷകൻ മുഹമ്മദ് ഷൂബ് (76), നാടക കലാകാരൻ ദീപക് കബീർ, റോബിൻ വർമ്മ, പവൻ റാവു അംബേദ്കർ എന്നിവരും ഉൾപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook