ലക്‌നൗ: മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ ഉത്തർപ്രദേശിനെ കാവിയണിക്കാനുളള ശ്രമത്തിലാണ് യോഗി ആദിത്യനാഥ്. ഇപ്പോഴിതാ തന്റെ ഓഫിസിനും കാവിനിറം നൽകിയിരിക്കുകയാണ് യോഗി. ലക്‌നൗവിലെ ലാൽ ബഹാദൂർ ശാസ്ത്രി ഭവനിലെ അഞ്ചാം നിലയിലാണ് യോഗി ആദിത്യനാഥിന്റെ ഓഫിസ്. ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗത്താണ് കാവിനിറം കൊണ്ട് പൂശിയത്.

ദശാബ്ദങ്ങളായി വെളളനിറമാണ് കെട്ടിടത്തിന് ഉണ്ടായിരുന്നത്. ആദ്യമായാണ് മറ്റൊരു നിറം കെട്ടിടത്തിൽ പൂശുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പല നിറങ്ങളും നോക്കിയെങ്കിലും കാവിയാണ് നല്ലതെന്നു തോന്നിയതുകൊണ്ട് അവസാനം അത് പൂശുകയായിരുന്നുവെന്നാണ് സ്റ്റേറ്റ് എസ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫിസർ യോഗേഷ് ശുക്ല പറഞ്ഞത്.

(Express photo: Vishal Srivastav)

അടുത്തിടെ സർക്കാർ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ പുറത്തിറക്കിയ ബസുകൾക്കും കാവിനിറമായിരുന്നു. യോഗി ആദിത്യനാഥാണ് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ചടങ്ങിന്റെ വേദിയും ബസുകൾ അലങ്കരിച്ച് ബലൂണുകളും കാവി നിറത്തിലുളളതായിരുന്നു.

(Express photo: Vishal Srivastav)

നേരത്തെ തന്റെ കസേര വിരിയുടെ നിറവും കാർ സീറ്റിന്റെ കവറിന്റെ നിറവും കാവിയാക്കി മാറ്റിയാണ് യുപിയെ കാവി പുതപ്പിക്കാനുളള നീക്കത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കമിട്ടത്. ഇതിനുപിന്നാലെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രമുളള സ്കൂൾ ബാഗുകൾ മാറ്റി പകരം കാവി നിറമുളള ബാഗുകളാക്കി മാറ്റി. മാത്രമല്ല സ്പോർട്സ് താരങ്ങൾക്ക് നൽകിയ അവാർഡ് സർട്ടിഫിക്കറ്റുകളും കാവി നിറമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് നല്‍കുന്ന ലക്ഷ്മണ്‍, റാണി ലക്ഷ്മി ഭായ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകളുടെ പശ്ചാത്തലത്തിനാണ് കാവി നിറം നൽകിയത്.

Read More: ബസ് മുതൽ സ്കൂൾ ബാഗുവരെ; യുപിയെ കാവിയുടുപ്പിക്കാൻ യോഗി

സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തീകരിച്ചപ്പോഴും ആറുമാസം പൂര്‍ത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക്‌ലെറ്റിനും കാവി നിറമായിരുന്നു. എന്തിനു പറയുന്നു സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡികാര്‍ഡിന്റെ നീല സ്ട്രാപ്പു വരെ യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം കാവിയാക്കി മാറ്റിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook