ലക്നൗ: യോഗി ആദിത്യനാഥ് നയിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വന്‍ വാഗ്ദാനങ്ങളാണ് 4.79 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ പ്രഖ്യാപിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി രാജേഷ് അഗര്‍വാളാണ് ബജറ്റ് അവതരിപ്പിച്ചത്. ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്.

ഗ്രാമപ്രദേശങ്ങളില്‍ ഗോശാലകളുടെ നിര്‍മാണത്തിനും പരിപാലനത്തിനും 247 കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചത്. കന്‍ഹാ ഗോശാലാ പദ്ധതിക്കും ഉപേക്ഷിക്കപ്പെട്ട കന്നുകാലികളെ പാര്‍പ്പിക്കാനുളള പദ്ധതിക്കുമായി 200 കോടി പ്രഖ്യാപിച്ചു. സൈനിക സ്കൂളുകള്‍ നിര്‍മ്മിക്കാനായി 26.57 കോടി രൂപ പ്രഖ്യാപിച്ചു. എല്ലാ കോളേജുകളിലും സര്‍വകലാശാലകളിലും വൈഫൈ സംവിധാനമൊരുക്കാന്‍ 50 കോടിരൂപ നീക്കിവെച്ചു. 2017ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ബജറ്റിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.

അയോധ്യയില്‍ പുതിയ വിമാനത്താവളത്തിനായി 200 കോടി രൂപ അനുവദിച്ചു. ജെവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായി 800 കോടിയാണ് പ്രഖ്യാപിച്ചത്. പശുക്കളെ സംരക്ഷിക്കാനുളള തുക കണ്ടെത്താനായി മദ്യത്തിന് പ്രത്യേക സെസ് ചുമത്തും. ഇതിലൂടെ 165 കോടി രൂപ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് 1200 കോടി രൂപ പ്രഖ്യാപിച്ചു. ‘കന്യാ സുമംഗല യോജന എന്ന ഈ സ്കീം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും. സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി, എന്നിവ പരിഗണിച്ചാണ് സ്കീമെന്നാണ് വാഗ്ദാനം. പൊലീസ് സേനയുടെ നവീകരണത്തിനായി 204കോടി രൂപ പ്രഖ്യാപിച്ചു. 36 പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ 700 കോടി നീക്കി വെച്ചു. മദ്രസകളുടെ ആധുനികവത്‌കരണത്തിനായി 459 കോടി രൂപ പ്രഖ്യാപിച്ചു. മദ്രസകളില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ