ന്യൂഡല്‍ഹി : ബിജെപിയുടെ ദലിത് വിരുദ്ധ നിലപാടുകള്‍ ഏറെ ചര്‍ച്ചകളാവുമ്പോള്‍ തന്നെ ദലിത് വിരുദ്ധ പരാമര്‍ശങ്ങളിലൂടെ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ബിജെപി മന്ത്രിമാര്‍. തങ്ങളുടെ നേതാക്കള്‍ ദലിതരുടെ വീട് സന്ദര്‍ശിക്കുന്നത് രാത്രി മുഴുവന്‍ കൊതുക് കടി കൊള്ളാനുള്ള ധൈര്യവുമായാണ് എന്ന് ബിജെപി മന്ത്രി അനുപമാ ജൈസ്വാള്‍ പറഞ്ഞപ്പോള്‍. ‘ദലിത് ടൂറിസം’ ബിജെപിയുടെ പാരമ്പര്യമല്ല എന്നായിരുന്നു മറ്റൊരു ബിജെപി മന്ത്രിയുടെ പ്രതികരണം.

” സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും എത്തിച്ചേരുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ മന്ത്രിമാര്‍ തന്നെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. രാത്രി മുഴുവന്‍ കൊതുക് കടി കൊള്ളാനുള്ള ധൈര്യവുമായാണ് നേതാക്കളെല്ലാം ദലിത് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നത്.” എന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുടെ പ്രസ്താവന.

ഇന്ന് രാവിലെ ദലിത് ഭാവനം സന്ദര്‍ശിച്ച മറ്റൊരു ബിജെപി മന്ത്രി സുരേഷ് റാണയും മറ്റൊരു വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ‘ദലിത് ടൂറിസം’ ബിജെപിയുടെ പാരമ്പര്യമല്ല എന്നായിരുന്നു സുരേഷ് റാണ പറഞ്ഞത്. ദലിത് ഭവനം സന്ദര്‍ശിച്ചപ്പോള്‍ താന്‍ കഴിച്ചത് ഗ്രാമീണര്‍ ഉണ്ടാക്കിയ ഭക്ഷണമാണ് പുറത്തുനിന്നുള്ളതല്ല എന്നും സുരേഷ് റാണ പറഞ്ഞു.

2019ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് ദലിത്- മറ്റ് പിന്നോക്ക ജാതികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി നയത്തിന് പാര്‍ട്ടിക്ക് അകത്തും പുറത്തും നിന്ന് ധാരാളം വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും മറ്റും പ്രതിഷേധവുമായി മുന്നോട്ടുവന്നപ്പോള്‍ ഉദിത് രാജിനെ പോലുള്ള ബിജെപി എംപിമാര്‍ തന്നെ എതിര്‍പ്പ് അറിയിച്ചു.

ദലിതരിലേക്ക് എത്തുന്നതിനായി ബിജെപി ആവിഷ്കരിച്ച പദ്ധതികള്‍ ദലിതരെ കൊടുതല്‍ ‘താഴ്ന്നവരായി’ തോന്നിപ്പിക്കും വിധമാണ് എന്നായിരുന്നു ഉദിത് രാജ് വ്യാഴാഴ്ച നടത്തിയ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ