ന്യൂഡല്‍ഹി : തുടർച്ചയായ രണ്ടാം വട്ടവും ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബിജെപിക്ക് അത്ര ആശാവഹമല്ല ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീർഘകാലം വിജയിച്ച ഗോരഖ്‌പൂർ ലോക്സഭ സീറ്റിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുൽപൂരിലും വിജയം കൊയ്തിരിക്കുന്നത് സമാജ്‌വാദി പാർട്ടിയാണ്.

ഒരർത്ഥത്തിൽ ഉത്തർപ്രദേശിലെ വിജയം മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടേത് കൂടിയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ എസ്‌പിക്ക് പിന്തുണ പ്രഖ്യാപിച്ച മായാവതിയുടെ തീരുമാനം ഇരു ലോക്‌സഭ സീറ്റിലും എസ്‌പിക്ക് വിജയം അനായാസമാക്കി.

ബീഹാറിൽ മഹാസഖ്യം വിട്ട് എൻഡിഎയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിനുളള തിരിച്ചടി കൂടിയായി അറാറിയയിലെ ബിജെപിയുടെ പരാജയം. കാലിത്തീറ്റ കുംഭകോണക്കേസിലെ തിരിച്ചടിയും ആർജെഡി മുന്നേറ്റത്തെ തടുത്തില്ലെന്നത് വിശാലപ്രതിപക്ഷത്തിന് കരുത്തേകി.

തിരഞ്ഞെടുപ്പ് നടന്ന ബാഭുവ സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ആനന്ദ് ഭൂഷൺ പാണ്ഡെയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ ഇദ്ദേഹത്തിന്റെ വിധവ റിങ്കി റാണെ പാണ്ഡെ വിജയിച്ചത് ബിജെപിക്ക് ആശ്വാസമായി.

എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് വെറും ഒരു വർഷം മാത്രം അവശേഷിക്കെ ബിജെപിക്ക് തുടർഭരണപ്രതീക്ഷക്ക് മുകളിലാണ് കാർമേഘം വീണിരിക്കുന്നത്. ഉത്തർപ്രദേശിൽ മുൻപില്ലാത്ത വിധം എസ്‌പി-ബിഎസ്‌പി ഐക്യത്തിന് വഴിതുറന്ന പോരാട്ടത്തിൽ സ്വന്തം നിലയ്ക്ക് മത്സരിച്ച കോൺഗ്രസിന് കെട്ടിവച്ച പണം പോലും നഷ്ടമായി.

ഗോരഖ്‌പൂരിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും സമാജ്‌വാദി പാർട്ടിയുടെ വിജയത്തിൽ ഏറെ അങ്ലാദത്തിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും. ജനങ്ങൾ ബിജെപിയോട് ദേഷ്യത്തിലാണെന്ന് ഇതിലൂടെ വ്യക്തമായെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു. “ബിജെപിക്ക് എതിരെ ജനരോഷം ശക്തമാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അതിനാലാണ് കൂടുതൽ പേർ ബിജെപിക്ക് എതിരെ വോട്ട് ചെയ്തത്. ഉത്തർപ്രദേശിൽ കോൺഗ്രസ് തിരിച്ച് വരാനുളള പരിശ്രമത്തിലാണ്. അത് ഒറ്റ രാത്രികൊണ്ട് സാധിക്കില്ല.” രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു.

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും പ്രതീക്ഷിക്കാൻ ഏറെയുണ്ടെന്നാണ് ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് ഭൂഷണിന്റെ വിലയിരുത്തൽ. “മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്‌പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുൽപൂർ മണ്ഡലത്തിലും ബിജെപി വലിയ പരാജയത്തിലേക്ക് നീങ്ങുകയാണ്. 2019 ൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ബിജെപിക്ക് അവരുടെ 2019 ലെ തിരഞ്ഞെടുപ്പ് വിജയമെന്ന സ്വപ്നത്തെ ചുംബിച്ച് യാത്രയാക്കാം. 2019 ൽ മോദി-ഷാ മുക്ത ഭാരതത്തിനായി കാത്തിരിക്കുന്നു,” പ്രശാന്ത് ഭൂഷൺ കുറിച്ചു.

രാഷ്ട്രീയ നേതാക്കൾക്ക് പുറമേ മുൻ സുപ്രീം കോടതി ജഡ്‌ജിയായ മാർക്കണ്ഡേയ കഠ്‌ജുവും ബിജെപിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നു. “ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണെന്ന് കരുതുന്നുവെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതാണ്. നീണ്ട 30 വർഷക്കാലമായി ബിജെപിയുടെ കൈവശമുളള യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ച മണ്ഡലമായ ഗോരഖ്‌പൂരിലെ പരാജയത്തോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുളള ധാർമ്മിക ബാധ്യതയുണ്ട്.

ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടി പ്രതിപക്ഷത്തെ കക്ഷികളുടെ വിശാലസഖ്യത്തിനുളള സാധ്യതകൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്. എന്നാൽ ഇടതുപക്ഷത്ത് മുഖ്യമായും സിപിഎം-കോൺഗ്രസ് ബന്ധം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടും.

ഇന്നലെ രാത്രി യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളെ വിരുന്നിന് ക്ഷണിച്ചിരുന്നു. എൻസിപി, ആർജെഡി, എസ്‌പി, ബിഎസ്‌പി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എന്നിവർക്ക് പുറമേ ഇടതുപാർട്ടികളും മുസ്ലിം ലീഗും യോഗത്തിൽ പങ്കെടുത്തു. വിഘടിച്ച് നിന്ന് മത്സരിക്കുന്നവർ ഒത്തുചേർക്കുക എന്ന ലക്ഷ്യത്തിലാണ് സോണിയ ഗാന്ധി യോഗം വിളിച്ചുചേർത്തത്. പ്രതിപക്ഷം ഒരുമിച്ച് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമാകുമെന്ന വിശ്വാസത്തിന് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ കരുത്തേകുന്നുണ്ട്. അതിനൊപ്പം സോണിയ ഗാന്ധിയുടെ ശ്രമങ്ങൾ കൂടി ഫലം കണ്ടാൽ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം വിദൂരസ്വപ്‌നമായേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ