ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 60.51 ശതമാനം പോളിങ്. 623 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ആദ്യ ഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്.
രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിയോടെ അവസാനിച്ചു. 11 ജില്ലകളിലായി 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജാട്ട് വിഭാഗത്തിന് ആധിപത്യമുള്ള സ്ഥലങ്ങളാണ് ഇതില്‍ കൂടുതലും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. സമാജ്വാദി പാര്‍ട്ടി (എസ് പി), രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) എന്നീ പാര്‍ട്ടികള്‍ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
‘അവസാന അഞ്ച് വര്‍ഷങ്ങളില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചു. സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍ ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ച് പോകും. ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും ആകാന്‍ അധികം സമയമെടുക്കില്ല,” വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാരിലുണ്ടായിരുന്ന ഒന്‍പത് മന്ത്രിമാരാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നത്. സുരേഷ് റാണ, അതുല്‍ ഗാര്‍ഗ്, ശ്രീകാന്ത് ശര്‍മ, സന്ദീപ് സിംഗ്, അനില്‍ ശര്‍മ, കപില്‍ ദേവ് അഗര്‍വാള്‍, ദിനേശ് ഖാതിക്, ഡോ. ജി.എസ്. ധര്‍മേഷ്, ചൗധരി ലക്ഷ്മി നരെയ്ന് തുടങ്ങിയവരാണ് മത്സരിക്കുന്ന മന്ത്രിമാര്‍.
ഷംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസാഫര്‍നഗര്‍, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ഈ 58 സീറ്റുകളില്‍ 53 എണ്ണവും ബിജെപിയെ പിന്തുണച്ചു. എസ് പിയ്ക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും രണ്ട് സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ഒരു സീറ്റ് ആര്‍എല്‍ഡിക്ക്.
403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിനാണ്. തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10 ന് പ്രഖ്യാപിക്കും
അതേസമയം, മുസ്ലീം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുടര്‍ച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വോട്ടിനുവേണ്ടി പ്രതിപക്ഷം അവരുടെ പുരോഗതിക്ക് തടസം നില്‍ക്കുകയാണെന്നും സഹാരണ്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
Also Read: ‘നിങ്ങള്‍ക്കു പൊള്ളലേല്‍ക്കുന്ന പല കാര്യങ്ങളുമുണ്ട്’; ശിവശങ്കറിനെ പിന്തുണച്ച് മുഖ്യമന്ത്രി