ലക്നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക സമാജ്വാദി പാര്‍ട്ടി-ആര്‍എല്‍ഡി സഖ്യം പ്രഖ്യാപിച്ചു. 29 പേരുള്ളതാണ് ആദ്യ പട്ടിക. ബിജെപിയില്‍നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് സമാഹരിച്ച് ഭരണം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എസ് പി.
മൂന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ രാജിവച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് വീണ്ടും ഭരണം പിടിക്കാനൊരുങ്ങുന്ന ബിജെപിക്കു വലിയ തിരിച്ചടിയായിരിക്കുകയാണ്. സഹമന്ത്രി ധരം സിങ് സൈനിയാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. ഷിക്കോഹാബാദില്‍ (ഫിറോസാബാദ്) നിന്നുള്ള എംഎല്‍എ മുകേഷ് വര്‍മയും ബിധുന എംഎല്‍എ വിനയ് ഷക്യയും ഇന്നു രാജിവച്ചിരുന്നു.
ദലിതര്‍, പിന്നാക്ക വിഭാഗങ്ങള്‍, കര്‍ഷകര്‍, വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയാണ് തന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണു സൈനിയുടെ രാജി. അദ്ദേഹം സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ധാരാസിങ് ചൗഹാന്, സ്വാമി പ്രസാദ് മൗര്യ എന്നിവര്‍ നേരത്തെ ബിജെപി വിട്ടിരുന്നു.
Also Read: യുപി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയില്‍ മത്സരിപ്പിച്ചേക്കും
ഇന്ന് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് 172 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നു. നിലവില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെയും പാര്‍ട്ടി മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് യോഗത്തിനു ശേഷം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ആദിത്യനാഥിനെ അയോധ്യയിലും കേശവ് പ്രസാദ് മൗര്യയെ സിറാത്തുവിലും മത്സരിപ്പിക്കാനാണ് സാധ്യതയെന്നു പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് എന്‍സിപി പ്രഖ്യാപിച്ചു. ”ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു സീറ്റ് പ്രഖ്യാപിച്ചു, മറ്റു സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. യുപിയില്‍ രൂപീകരിക്കുന്ന സഖ്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കും,” എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു.
ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്.
Also Read: യുപി തിരഞ്ഞെടുപ്പ്: ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി