ലഖ്നൗ: വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഒന്നരയ്ക്ക് ഉത്തര്‍പ്രദേശ് പോലീസ് ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍ വിവേക് തിവാരിയെ(38) വെടിവെച്ചു കൊന്നു. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചെന്നും ഇതേ തുടര്‍ന്ന ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്നും പോലീസ് പറയുന്നു. എന്നാല്‍ വിവേകിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ പോലീസിന്റെ വാദം നിഷേധിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ഗ്ലോബല്‍ ടെക് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജറാണ് വിവേക്. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. കാര്‍ നിര്‍ത്താത്തത് ഇത്ര വലിയ കുറ്റമാണോയെന്ന് വിവേകിന്റെ ഭാര്യ ചോദിച്ചു. ‘എന്തുകൊണ്ടാണ് പൊലീസ് വിവേകിനെ കൊന്നത്? അദ്ദേഹം തീവ്രവാദിയായിരുന്നുവോ? എന്ത് തരം ക്രമസമാധനമാണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് മറുപടി പറയണം’ എന്നും വിവേകിന്റെ ഭാര്യ കല്പന പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് വിവേക് തിവാരി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് ന്യായവാദം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയായ സ്ത്രീയ്ക്കൊപ്പം വീട്ടിലേക്കു തിരിക്കുകയായിരുന്നു അദ്ദേഹം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്. ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറായ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്.

തങ്ങള്‍ അടുത്തെത്തിയപ്പോള്‍ കാറിന്റെ ലൈറ്റ് ഓണ്‍ചെയ്തു. തുടര്‍ന്ന് കാര്‍ കൊണ്ട് ബൈക്കില്‍ ഇടിച്ചു. ഇതാണ് വെടിവെക്കാനുണ്ടായ കാരണമെന്ന് കുറ്റാരോപിതരായ പോലീസുകാരന്‍ പ്രശാന്ത് കുമാര്‍ പറയുന്നു. സ്വയം രക്ഷക്കുവേണ്ടിയാണ് വെടിവെച്ചത്. നിര്‍ത്താന്‍ പറഞ്ഞിട്ടും കാര്‍ പിന്നോട്ടെടുത്ത് വീണ്ടു ഇടിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഇയാള്‍ക്കും ഒപ്പമുണ്ടായിരുന്ന പോലീസുകാരന്‍ സന്ദീപ് കുമാറിനുമെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്.

എന്നാല്‍ ബൈക്ക് കാറിന് കുറുകെയിട്ട് തങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പോലീസുകാര്‍ ശ്രമിക്കുകയായിരുന്നെന്ന് വിവേകിന്റെ സുഹൃത്ത് പറയുന്നു. ആരാണ് തടഞ്ഞതെന്ന് മനസ്സിലാകാത്തതിനാല്‍ വിവേക് കാര്‍ നിര്‍ത്തിയില്ല. ഒരു പോലീസുകാരന്റെ കൈയില്‍ ലാത്തിയാണ് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് രണ്ടാമത്തേയാള്‍ പിസ്റ്റള്‍ എടുത്ത് വെടിവെക്കുകയായിരുന്നു.

പോലീസിനെ അപകടപ്പെടുത്തി കടന്നു കളയാന്‍ ശ്രമിച്ച ക്രിമിനലുകളാണ് കാറിലുള്ളത് എന്നു കരുതിയാണ് പ്രശാന്ത് വെടിവെച്ചതെന്ന് പോലീസ് സീനിയര്‍ സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ പ്രശാന്ത് ചെയ്തത് സ്വയം രക്ഷയുടെ പരിധിയില്‍ വരുന്നില്ലെന്ന് ഡിജിപി ഒ.പി സിങ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook