പനജി: മാസങ്ങളായി അസുഖബാധിതനായി കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സഭയില്‍ ബജറ്റ് അവതരിപ്പിച്ചു. മൂക്കില്‍ കുഴലിട്ട രീതിയില്‍ എത്തിയ അദ്ദേഹം വളരെ തളര്‍ന്ന സ്വരത്തിലാണ് സംസാരിച്ചത്. ഗോവ ധനമന്ത്രി കൂടിയായ അദ്ദേഹം തലയില്‍ തൊപ്പിയും കൂടെ സഹായികളേയും കൂട്ടിയാണ് സഭയില്‍ എത്തിയത്. ബജറ്റ് അവതരണ വേളയില്‍ സഹായികള്‍ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

ഇടയ്ക്ക് വെളളം കുടിക്കാനായി അദ്ദേഹം പല തവണ ബജറ്റ് പ്രസംഗം നിര്‍ത്തിവച്ചു. 63കാരനായ പരീക്കര്‍ പാന്‍ക്രിയാറ്റിക് ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് പൊതുവിടത്ത് പ്രത്യക്ഷപ്പെടുന്നത്. ഏറെ മെലിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും വീണ്ടും ബിജെപിക്കെതിരെ രംഗത്ത് എത്തിയേക്കും. പാന്‍ക്രിയാറ്റിക് ചികിത്സയ്ക്കായ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലും യുഎസിലും ചികിത്സയില്‍ കഴിഞ്ഞതിനു ശേഷമാണ് പരീക്കര്‍ ഈ മാസം ആദ്യം ഓഫീസില്‍ എത്തിയത്. 2018 ഓഗസ്റ്റിലാണ് പരീക്കര്‍ അവസാനമായി സെക്രട്ടറിയേറ്റില്‍ എത്തിയത്. അതിനു ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

പരീക്കറെ മാറ്റണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പരീക്കറിന് താത്പര്യം ഇല്ലാഞ്ഞിട്ടും സര്‍ക്കാര്‍ വീഴാതിരിക്കാനാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാത്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം. മനോഹർ പരീക്കറെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഗോവയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടിരുന്നു. റഫാൽ കരാറിലെ മാറ്റം പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അറിഞ്ഞിരുന്നില്ലെന്ന്​ രാഹുൽ ഗാന്ധി വീണ്ടും ആരോപിച്ചിട്ടുണ്ട്. പരീക്കറുടെ അറിവില്ലാതെ മോദി കരാറിൽ മാറ്റം വരുത്തുകയായിരുന്നു. പരീക്കർ ത​ന്നോട്​ ഇക്കാര്യം വെളിപ്പെടുത്തിയെന്നും രാഹുൽ പറഞ്ഞു.

ഡൽഹിയിലെ ടാകോത്ര സ്​റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കു​മ്പോഴാണ്​ രാഹുൽ ഗാന്ധി വീണ്ടും മോദിക്കെതിരെ രംഗത്തെത്തിയത്​. രണ്ട്​ മുതൽ മൂന്ന്​ വരെ ബിജെപി എംപിമാർ കോൺഗ്രസിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. മോദിയോട്​ റഫാൽ കരാറുമായി ബന്ധപ്പെട്ട്​ മൂന്ന്​ നാല്​ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും മറുപടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ