ജനീവ: ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ഏറ്റവും പുതിയ ഭീകര പട്ടികയിൽ 139 പേർക്ക് പാക് വിലാസം. ദാവൂദ് ഇബ്രാഹിം കസ്‌കർ, ജമാ അത്ത് ഉദ്ദുവ തലവൻ ഹാഫിസ് സയീദ്, അൽഖായിദ ഭീകരൻ അയ്‌മൻ അൽ സവാഹിരി എന്നിവരടക്കമുളളതാണ് പട്ടിക.

അയ്‌മൻ അൽ സവാഹിരിയാണ് പട്ടികയിലെ ഏറ്റവും ഭീകരൻ. അഫ്‌ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തി പ്രദേശത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് ഐക്യരാഷ്ട്രസഭയുടെ വാദം. ബിൻ ലാദന് ശേഷം അൽഖായിദയുടെ തലവനായി ചുമതലയേറ്റയാളാണ് സവാഹിരി.

അമേരിക്കയുടെ കസ്റ്റഡിയിലുളള കറാച്ചിയിൽ നിന്നും പിടിയിലായ യമൻ സ്വദേശി മുഹമ്മദ് ബിൻ അൽ സെബാഹ് ആണ് പട്ടികയിൽ രണ്ടാമൻ. കറാച്ചിയിൽ കഴിയുന്ന ദാവൂദ് ഇബ്രാഹിമിന് റാവൽപ്പിണ്ടിയിൽ നിന്ന് പാക് പാസ്‌പോർട്ട് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കറാച്ചിയിലെ നൂറാബാദിൽ ഇയാൾക്ക് സ്വന്തമായി ഒരു കൂറ്റൻ ബംഗ്ലാവും ഉണ്ടെന്നാണ് റിപ്പോർട്ട്.

മയക്കുമരുന്ന് ശൃംഖലയായിരുന്ന ദാവൂദിന്റെ ഡി കമ്പനി ഇപ്പോൾ ആയുധ കൈമാറ്റം, ഹവാല പണമിടപാട്, വ്യാജ സിഡി നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ ഊന്നിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് പാക്കിസ്ഥാനിൽ സർവ സ്വതന്ത്രനെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഇയാളുടെ കൂട്ടാളികളായ ഹാജി മുഹമ്മദ് യഹിയ മുഹമ്മദ്, അബ്ദുൾ സലാം, സഫർ ഇഖ്‌ബാൽ എന്നിവരും ഈ പട്ടികയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ