ഉന്നാവ്: ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീ കൊളുത്തി കൊലപ്പെടുത്തിയ ഉന്നാവിലെ പെൺകുട്ടിയുടെ മൃതദേഹം സംസ്കാരിക്കാതെ കുടുംബത്തിന്റെ പ്രതിഷേധം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി തീരുമാനം അറിയച്ചതിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുവെന്ന് പെൺകുട്ടിയുടെ സഹോദരി വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചത്. അതേസമയം വിഷയത്തിൽ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം ശക്തമാണ്. ശനിയാഴ്ച രാത്രി ഇന്ത്യ ഗേറ്റിലുൾപ്പടെ പ്രതിഷേധക്കാർ ഒത്തുചേർന്നിരുന്നു.

വിവാഹ വാഗ്‌ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ 23 കാരിയായ പെൺകുട്ടിയെയാണ് അഞ്ചുപേർ ചേർന്നു തീകൊളുത്തിയത്. ഇതിൽ രണ്ടുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകവെ വ്യാഴാഴ്ചയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ അന്നു വൈകീട്ട് എയർ ആംബുലൻസിൽ ലക്‌നൗവിലെ ആശുപത്രിയിൽ നിന്നു ഡൽഹിയിലേക്കു മാറ്റി. എന്നാൽ ഹൃദയ സ്തംഭനത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെ പെൺകുട്ടി മരിച്ചു.

Also Read: നിയമ പോരാട്ടങ്ങൾ ചെലവേറിയത്, സാധാരണക്കാരന് അപ്രാപ്യം: രാഷ്ട്രപതി

നേരത്തെ ഉന്നാവ് കേസ് വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും കുറ്റവാളികൾക്ക് തക്കശിക്ഷ നൽകുമെന്നും ആദിത്യനാഥ് പറഞ്ഞു.

ഹൈദരാബാദിൽ ബലാത്സംഗ കേസിലെ കുറ്റവാളികൾക്ക് നൽകിയ ശിക്ഷ തന്റെ മകളെ കൊന്നവർക്കും നൽകണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ”കുറ്റവാളികളെ പിന്തുടർന്ന് അവരെ വെടിവച്ചുകൊല്ലുന്നത് എനിക്ക് കാണണം. എനിക്ക് പണമോ മറ്റൊരു തരത്തിലുളള സഹായമോ വേണ്ട. ഹൈദരാബാദ് ഏറ്റുമുട്ടൽ പോലെ പ്രതികളെ പിന്തുടർന്ന് വെടിവച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യുന്നത് എനിക്ക് കാണണം” പിതാവ് പറഞ്ഞു.

Also Read: നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കരുത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഉന്നാവ് ജില്ലയിൽനിന്ന് ഇത്തരത്തിൽ ദേശീയ ശ്രദ്ധ നേടുന്ന രണ്ടാമത്തെ സംഭവമാണിത്. പതിനേഴുകാരിയെ ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗർ ബലാസത്സംഗം ചെയ്തതായിരുന്നു ആദ്യ സംഭവം. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പെൺകുട്ടിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ പീഡിപ്പിച്ചുവെന്നതാണ് കേസ്. പിന്നീട് വാഹനം ഇടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു. പെൺകുട്ടി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സെൻഗർ ഇപ്പോൾ ജയിലിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook